തോക്കുകളുമായി റാലി നടത്തിയവര്‍ക്ക് കാവല്‍ നിന്ന ഉദ്യോഗസ്ഥരാണ് തങ്ങളെ ഭീകരരെന്ന് വിളിക്കുന്നത് ; പാക് അധിനിവേശ കശ്മീരില്‍ ജനകീയ പ്രക്ഷോഭം

pok

നേതാവ് സര്‍ദാര്‍ അമാന്‍ ഖാന്‍, പാകിസ്ഥാന്റെ ഭീകരവാദ അജണ്ടകളെയും പാക് സൈന്യത്തിന്റെ പങ്കിനെയും പരസ്യമായി തുറന്നുകാട്ടി രംഗത്തെത്തി.

പാക് അധിനിവേശ കാശ്മീരില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭം 24-ാം ദിവസത്തിലേക്ക് കടന്നു. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് നടന്ന കൂറ്റന്‍ റാലിയില്‍ എണ്‍പതിനായിരത്തിലധികം പ്രതിഷേധക്കാരാണ് അണിനിരന്നത്. റാലിയെ അഭിസംബോധന ചെയ്ത ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (ജെഎഎസി) നേതാവ് സര്‍ദാര്‍ അമാന്‍ ഖാന്‍, പാകിസ്ഥാന്റെ ഭീകരവാദ അജണ്ടകളെയും പാക് സൈന്യത്തിന്റെ പങ്കിനെയും പരസ്യമായി തുറന്നുകാട്ടി രംഗത്തെത്തി. കശ്മീരികളുടെ കൈകളില്‍ യഥാര്‍ത്ഥത്തില്‍ ആയുധങ്ങള്‍ വെച്ചുനല്‍കിയത് പാകിസ്ഥാന്‍ സൈന്യമാണെന്ന് അമാന്‍ ഖാന്‍ ആരോപിച്ചു.

'ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിവിട്ടത് പാക് സൈന്യമാണ്. കശ്മീരികള്‍ക്ക് തോക്കുകള്‍ നല്‍കിയവര്‍ തന്നെ ഇന്ന് ഞങ്ങളെ ഭീകരവാദികള്‍ എന്ന് വിളിക്കാന്‍ ധാര്‍ഷ്ട്യം കാണിക്കുകയാണ്'- അമാന്‍ ഖാന്റെ ഈ വാക്കുകള്‍ വലിയ കൈയടികളോടെയാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റാവലകോട്ടില്‍ നടന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ പരിപാടിയെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അന്ന് എകെ-47 തോക്കുകളും വാളുകളുമായി ഭീകരര്‍ നഗരത്തിലൂടെ പരസ്യമായി മാര്‍ച്ച് നടത്തിയിരുന്നു. റാവലകോട്ട് ഡെപ്യൂട്ടി കമ്മീഷണറാണ് ആ റാലിക്ക് അനുമതി നല്‍കുകയും അവര്‍ക്ക് സുരക്ഷയൊരുക്കുകയും ചെയ്തതെന്ന് അമാന്‍ ഖാന്‍ വെളിപ്പെടുത്തി. തോക്കുകളുമായി റാലി നടത്തിയവര്‍ക്ക് കാവല്‍ നിന്ന ഉദ്യോഗസ്ഥരാണ്, ഇപ്പോള്‍ ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളെ ഭീകരരെന്നു വിളിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിഷേധക്കാരുടെ 38 ആവശ്യങ്ങള്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അടിയന്തരമായി അംഗീകരിച്ച് നടപ്പിലാക്കണമെന്ന് അമാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഈ സമരം വെറുമൊരു പ്രതിഷേധമായി ഒതുങ്ങില്ലെന്നും പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ പൂര്‍ണ്ണമായും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടുള്ള വലിയൊരു വിപ്ലവമായി ഇത് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ദിവസം മുമ്പ് റാവലകോട്ടില്‍ നടന്ന സമരത്തിനിടെ തങ്ങളുടെ പ്രദേശം ഇനി പാകിസ്ഥാന്റെ നിയന്ത്രണത്തില്‍ അല്ലെന്ന് പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചിരുന്നു. ആവശ്യങ്ങള്‍ അവഗണിച്ചാല്‍ ഇന്ത്യയുമായി ശക്തമായ സഹകരണത്തിന് ശ്രമിക്കുമെന്ന കടുത്ത മുന്നറിയിപ്പും പ്രതിഷേധക്കാര്‍ പാകിസ്ഥാന് നല്‍കിയിട്ടുണ്ട്.

Tags