നഗ്ന ചിത്രത്തിന് ചോര്‍ത്തി നല്‍കിയത് യുദ്ധ പദ്ധതി ; ഹണി ട്രാപ്പില്‍ കുടുങ്ങിയ ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

honey trap

ഇന്ത്യയുടെ സൈനിക സന്നാഹങ്ങള്‍, ഡ്രോണ്‍ ശേഷികള്‍, യുദ്ധവിമാനങ്ങളുടെ നീക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങളാണ് ഇയാള്‍ കൈമാറിയത്.

പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് രഹസ്യ യുദ്ധപദ്ധതികളും നിര്‍ണായക സൈനിക വിവരങ്ങളും ചോര്‍ത്തിനല്‍കിയെന്നാരോപിച്ച് ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡറെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ വഴി ഹണിട്രാപ്പില്‍ കുടുക്കിയാണ് ഉദ്യോഗസ്ഥനില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത്. ഡല്‍ഹിയിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഇന്ത്യയുടെ സൈനിക സന്നാഹങ്ങള്‍, ഡ്രോണ്‍ ശേഷികള്‍, യുദ്ധവിമാനങ്ങളുടെ നീക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങളാണ് ഇയാള്‍ കൈമാറിയത്.

കഴിഞ്ഞ ജനുവരി 12 നും ഏപ്രില്‍ ഒന്നിനുമിടയില്‍ വാട്‌സാപ്പ് വഴി പ്രതി രഹസ്യ വിവരങ്ങള്‍ കൈമാറിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് അയ്യായിരത്തിലധികം സന്ദേശങ്ങളും ചിത്രങ്ങളും കോളുകളും അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്.3,008 ടെക്സ്റ്റ് സന്ദേശങ്ങള്‍, 65 ചിത്രങ്ങള്‍, 65 പ്രതികരണങ്ങള്‍, 42 വോയ്സ് കോളുകള്‍, നാല് വീഡിയോ കോളുകള്‍, ഇരുവരും തമ്മില്‍ കൈമാറിയ ആറ് URL-കള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. 'രഹസ്യ യുദ്ധപദ്ധതി'യുടെ ഒരു പേര് നഗ്‌നചിത്രത്തിന് പകരമായി പ്രതി ചോര്‍ത്തി നല്‍കിയെന്നാണ് കുറ്റപത്രത്തിലെ ഏറ്റവും ഗൗരവകരമായ കണ്ടെത്തല്‍. കൂടുതല്‍ ചിത്രങ്ങള്‍ നല്‍കിയാല്‍ യുദ്ധപദ്ധതിയുടെ കൂടുതല്‍ പേജുകള്‍ പങ്കുവെക്കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തതായും പൊലീസ് വ്യക്തമാക്കുന്നു.

വ്യോമസേനയുടെ രഹസ്യ ഡ്രോണ്‍ യൂണിറ്റിന്റെ വിവരങ്ങള്‍, ലേയിലെ യുദ്ധവിമാനങ്ങളുടെ വിന്യാസം, സുരാത്ഗഢിലെ സൈനികാഭ്യാസ പ്രകടനങ്ങള്‍ എന്നിവയെല്ലാം ഇയാള്‍ ചോര്‍ത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ ഡിവൈസുകളിലേക്ക് മാല്‍വെയറുകള്‍ അയക്കാനും പാക് ചാരന്മാര്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്റെ യൂണിറ്റിലെ അഞ്ച് കീഴുദ്യോഗസ്ഥരുടെ ഡിവൈസുകളില്‍ മാല്‍വെയറുകളോ സ്‌പൈവെയറുകളോ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രതി ഉത്തരവുകള്‍ നടപ്പിലാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Tags