റിക്ഷയില്‍ കയറ്റിക്കൊണ്ടു പോയ ഇരുമ്പ് കമ്പികള്‍ പിന്നാലെ വന്ന വാഹനത്തിന്റെ മുന്‍ഗ്ലാസിലേക്ക് തുളച്ചുകയറി ഉണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഇടിയുടെ ആഘാതത്തില്‍ ഇ-റിക്ഷയിലുണ്ടായിരുന്ന ഇരുമ്പ് കമ്പികള്‍ ക്യാബിന്റെ മുന്‍വശത്തെ ഗ്ലാസ്സ് തകര്‍ത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു.
റിക്ഷയില്‍ കയറ്റിക്കൊണ്ടു പോയ ഇരുമ്പ് കമ്പികള്‍ പിന്നാലെ വന്ന വാഹനത്തിന്റെ മുന്‍ഗ്ലാസിലേക്ക് തുളച്ചുകയറി ഉണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ദ്വാരക എക്‌സ്പ്രസ് വേയില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ടാക്‌സിയായി ഓടുന്ന കാര്‍ മുന്‍പില്‍ പോയ ഇ-റിക്ഷയില്‍ കൊണ്ടുപോയ ഇരുമ്പ് കമ്പിയില്‍ ഇടിച്ച് കയറി. ഇടിയുടെ ആഘാതത്തില്‍ ഇ-റിക്ഷയിലുണ്ടായിരുന്ന ഇരുമ്പ് കമ്പികള്‍ ക്യാബിന്റെ മുന്‍വശത്തെ ഗ്ലാസ്സ് തകര്‍ത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു.
അപകടത്തില്‍ ക്യാബിലുണ്ടായിരുന്ന വനിതാ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുഗ്രാമില്‍ നിന്ന് ഡല്‍ഹി ഭാഗത്തേക്ക് പോവുകയായിരുന്ന ക്യാബ്, എക്‌സ്പ്രസ് വേയിലെ ഓവര്‍ടേക്കിംഗ് ലൈനിലൂടെ പോവുകയായിരുന്ന ഇ-റിക്ഷയുടെ പുറകിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ശക്തമായ ആഘാതത്തില്‍ ക്യാബിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഇ-റിക്ഷയില്‍ നിന്ന് പുറത്തേക്ക് തള്ളിനിന്നിരുന്ന ഇരുമ്പ് കമ്പികളിലൊന്ന് ഡ്രൈവറുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി സംഭവസ്ഥലത്തുതന്നെ ഡ്രൈവര്‍ മരിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിപ്പോയ വനിതാ യാത്രക്കാരിയെ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളരെ പണിപ്പെട്ടാണ് ക്യാബിന്റെ ഉള്ളില്‍ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഗുരുഗ്രാം ട്രാഫിക് പൊലീസ് അറിയിച്ചു.
.jpg)

