'സര്‍ക്കാര്‍ സമരക്കാരെ ക്ഷമയോടെ കേള്‍ക്കണം, മന്ത്രിയുടെ രാജി ശക്തമായ സന്ദേശം നല്‍കും'; പ്രധാനമന്ത്രിക്ക് കത്തെഴുതി അണ്ണാ ഹസാരെ

anna hazare

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പേരെടുത്ത് പറയാതെ ആണ് അണ്ണാ ഹസാരെയുടെ കത്ത്.

രാജ്യതലസ്ഥാനത്ത് കോക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. സര്‍ക്കാര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തണമെന്നും മന്ത്രിയുടെ രാജി ശക്തമായ സന്ദേശം നല്‍കുമെന്നും അണ്ണാ ഹസാരെ കത്തില്‍ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ രാജി വാങ്ങുന്നത് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തില്ലെന്നും മറിച്ച് മറ്റ് മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തത്തെക്കുറിച്ച് ശക്തമായ സന്ദേശം നല്‍കുമെന്നും അണ്ണാ ഹസാരെ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പേരെടുത്ത് പറയാതെ ആണ് അണ്ണാ ഹസാരെയുടെ കത്ത്.


മന്ത്രിയുടെ രാജി വാങ്ങിയാല്‍ സര്‍ക്കാരിന് അധികാരം നഷ്ടപ്പെടില്ല. പകരം, തങ്ങളുടെ വകുപ്പുകളുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചില്ലെങ്കില്‍ തങ്ങള്‍ക്കും സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്ന വ്യക്തമായ സന്ദേശം അത് മറ്റ് മന്ത്രിമാര്‍ക്ക് നല്‍കും. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഉത്തരവാദിത്തമുള്ളതും ഫലപ്രദവുമാക്കുമെന്നും അണ്ണാ ഹസാരെ കത്തില്‍ വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ നടന്ന പൊലീസ് നടപടിക്കെതിരെയും അണ്ണാ ഹസാരെ കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് അമിതമായ ബലപ്രയോഗം ഒഴിവാക്കേണ്ടതുണ്ടെന്നും അണ്ണാ ഹസാരെ പറഞ്ഞു.

ഗാന്ധിയന്‍ തത്വങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും അനുസൃതമായി, സര്‍ക്കാര്‍ സമരക്കാരുടെ വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കുകയും വിശ്വാസം വളര്‍ത്തുകയും ചര്‍ച്ചകളിലൂടെ ഭിന്നതകള്‍ പരിഹരിക്കുകയും വേണം. ക്രമക്കേടുകളോ അഴിമതികളോ വെളിച്ചത്തു വരുമ്പോഴെല്ലാം അതിന്റെ ഉത്തരവാദിത്തം താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെമേല്‍ മാത്രം കെട്ടിവെക്കാറാണ് പതിവെന്നും നല്ല കാര്യങ്ങളുടെ ക്രെഡിറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കാറുണ്ടെന്നും അണ്ണാ ഹസാരെ കത്തിലെഴുതി.

Tags