വിമാനത്താവളത്തില്‍ തന്നെ സര്‍ക്കാര്‍ ബീച്ചിന്റെ അനുഭവം നല്‍കുന്നു ; കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസം

delhi

വിമാനത്താവളത്തില്‍ തന്നെ സര്‍ക്കാര്‍ ബീച്ചിന്റെ അനുഭവം നല്‍കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം.

ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസും കോക്രോച്ച് ജനതാ പാര്‍ട്ടിയും. വിമാനത്താവളത്തില്‍ തന്നെ സര്‍ക്കാര്‍ ബീച്ചിന്റെ അനുഭവം നല്‍കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം. ഇതാണ് 7.8 ശതമാനം വളര്‍ച്ചയെന്ന് വെള്ളക്കെട്ടിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് അഭിജിത് ദീപ്‌കെയും പരിഹസിച്ചു.


വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത പെരുമഴയെ തുടര്‍ന്നാണ് ദില്ലി വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂക്ഷമായത്. വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളില്‍ രണ്ടിടത്തും വെള്ളം കയറിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ദില്ലിയില്‍ ഇറങ്ങേണ്ടിയിരുന്ന ഒരു രാജ്യാന്തര വിമാനമടക്കം 11 വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. അഞ്ച് വിമാനങ്ങള്‍ ജയ്പുര്‍ വിമാനത്താവളത്തിലേക്കും നാല് വിമാനങ്ങള്‍ ലക്‌നൗവിലേക്കും ഓരോ വിമാനങ്ങള്‍ അഹമ്മദാബാദ്, ചണ്ഡീ?ഗഡ് എന്നിവിടങ്ങളിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.

കനത്ത മഴയെ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. വെള്ളം കയറിയ ടെര്‍മിനലിലൂടെ ബാഗുകളുമായി നടന്നുനീങ്ങുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

Tags