ദമ്പതികളെ രണ്ടിടങ്ങളിലായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ഭര്‍ത്താവ് ധരിച്ചിരുന്നത് ഭാര്യയുടെ ചുരിദാര്‍
തിങ്കളാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു.
ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ഭാര്യയെയും ഭര്‍ത്താവിനെയും രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഛോട്ടൂവിന്റെ മൃതദേഹം കണ്ടെത്തിയതെങ്കില്‍ ഗംഗാ നദിക്കരയിലാണ് ഭാര്യ സുഷമയുടെ മൃതദേഹം കണ്ടത്. തിങ്കളാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു.
കനത്ത മഴയും മോശം കാഴ്ചപരിധിയും കാരണം തിങ്കളാഴ്ച രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ചൊവ്വാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. തുടര്‍ന്ന് ഗംഗാ നദിക്കരയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. മൃതദേഹം സുഷമയുടേതാണെന്ന് സ്ഥിരീകരിച്ചു. സമീപത്തെ കാട്ടില്‍ നടത്തിയ തെരച്ചിലില്‍ ആണ് ഭര്‍ത്താവ് ഛോട്ടൂവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്ന വിവരങ്ങളാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവന്നത്. ഭാര്യയുടെ ചുരിദാര്‍ ധരിച്ച നിലയിലാണ് ഛോട്ടൂവിന്റെ മൃതദേഹം കാണപ്പെട്ടത്.
ദമ്പതികള്‍ തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായിരുന്നോ അതോ മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി രണ്ട് കേന്ദ്രങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. മരണ കാരണം വ്യക്തമാകുന്നതിനായി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരുന്നതോടെ മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ മുനിരാജ് ചൊവ്വാഴ്ച വൈകുന്നേരം സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. തെളിവെടുപ്പ് നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് അദ്ദേഹം വിവരങ്ങള്‍ ശേഖരിക്കുകയും തുടരന്വേഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ദമ്പതികളെ കാണാതായ സമയം മുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതു വരെയുള്ള സംഭവ വികാസങ്ങള്‍ പൊലീസ് പുനഃസൃഷ്ടിച്ചുവരികയാണ്. വ്യത്യസ്ത സ്ഥലങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍, ഇവര്‍ അവസാനമായി എവിടെയാണ് ഒന്നിച്ചുണ്ടായിരുന്നതെന്നും നദിക്കരയിലേക്കും കാട്ടിലേക്കും എങ്ങനെ എത്തിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
.jpg)

