'ക്ഷേത്രങ്ങളിൽ ജാതി വിവേചനം പാടില്ല' : മദ്രാസ് ഹൈക്കോടതി
ചെന്നൈ: കാഞ്ചീപുരത്തെ പ്രസിദ്ധമായ അരുൾമിഗു ദേവരാജ സ്വാമി ക്ഷേത്രത്തിലെ മണവാള മാമുനികൾ സന്നിധിയിൽ ബ്രാഹ്മണരല്ലാത്ത ഭക്തർക്ക് പ്രവേശനത്തിലും ആചാരങ്ങളിലും വിവേചനം നേരിടുന്നുവെന്ന പരാതിയിൽ വിവേചനം പാടില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. തിരുക്കച്ചി നമ്പി തിരുമലടിയാർ സേവാ സംഘം സെക്രട്ടറിയും തെങ്കലൈ വൈഷ്ണവനുമായ മാധവൻ രാമാനുജ ദാസൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ജി. ജയചന്ദ്രൻ, ജസ്റ്റിസ് ഇ. മനോഹരൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ക്ഷേത്രത്തിലെ പ്രധാന കവാടത്തിലൂടെ ബ്രാഹ്മണർക്ക് മാത്രം പ്രവേശനം നൽകുകയും ബ്രാഹ്മണരല്ലാത്തവരെ വശങ്ങളിലെ വാതിലിലൂടെ പ്രവേശിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന ആരോപണം. കൂടാതെ, തീർത്ഥം, പ്രസാദം എന്നിവ സ്വീകരിക്കുന്നതിനായി അബ്രാഹ്മണരെ പുറത്തുനിർത്തുന്നുവെന്നും ശഠാരി തലയിൽ വെയ്ക്കുന്നതിൽ വിവേചനം കാണിക്കുന്നുവെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു. ക്ഷേത്രത്തിലെ നടകളിൽ പ്രബന്ധ പാരായണം നടത്താൻ അനുമതി നിഷേധിക്കുന്നുവെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
എന്നാൽ ഈ ആരോപണങ്ങൾ തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് നിഷേധിച്ചു. പൂജാ സമയങ്ങളിൽ സ്തോത്രങ്ങൾ ആലപിക്കാൻ തെങ്കലൈ വിഭാഗമായ അധ്യാപക മിരാസിമാർക്ക് മാത്രമാണ് പരമ്പരാഗത അവകാശമുള്ളതെന്നും എന്നാൽ സാധാരണ സമയങ്ങളിൽ മറ്റ് ഭക്തർക്ക് യാതൊരു തടസ്സവുമില്ലെന്നും അധികൃതർ കോടതിയെ അറിയിച്ചു. പരമ്പരാഗത അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തന്നെ മറ്റുള്ളവരുടെ ആരാധനാ സ്വാതന്ത്ര്യം തടയില്ലെന്നുമുള്ള ഉറപ്പ് രേഖപ്പെടുത്തിയ കോടതി, ആചാരങ്ങൾ പാലിക്കുന്നത് വഴി വിവേചനം ഉണ്ടാകുന്നില്ലെന്ന് നിരീക്ഷിച്ച് ഹരജി തീർപ്പാക്കി.
.jpg)

