സ്ത്രീകൾക്ക് 2,500 രൂപ ധനസഹായം; തെലങ്കാനയിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്

google news
thelankana

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 'അഭയ ഹസ്തം' എന്ന പേരില്‍ ആറ് വാഗ്ദാനങ്ങളാണ് തെലങ്കാനയിലെ ജനങ്ങള്‍ക്ക് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ് നല്‍കുന്നത്.നവംബർ 30 നാണ് തെലങ്കാനയില്‍   തിരഞ്ഞെടുപ്പ് നടക്കുന്നത്

മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് മാസംതോറും 2,500 രൂപയുടെ ധനസഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, സംസ്ഥാനത്തുടനീളം ടി.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സൗജന്യ യാത്ര എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

കൃഷിക്കാര്‍ക്കും പാട്ടകൃഷി ചെയ്യുന്നവര്‍ക്കും ഒരു ഏക്കറിന് 15,000 രൂപയും കര്‍ഷകത്തൊഴിലാളികള്‍ക്ക് 12,000 രൂപയും എല്ലാ വര്‍ഷവും ധനസഹായം നല്‍കും. 'റൈതു ഭരോസ' പദ്ധതി പ്രകാരം ഒരു ക്വിന്റല്‍ നെല്‍വയലിന് 500 രൂപ ബോണസും അനുവദിക്കും. ഭരണത്തിലെത്തിയാല്‍ 'ഗൃഹ ജ്യോതി' പദ്ധതിയുടെ ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്.

വീടില്ലാത്ത കുടുംബങ്ങള്‍ക്ക് വീടുവെക്കാനുള്ള സ്ഥലവും വീട് നിര്‍മ്മാണത്തിനായി അഞ്ചു ലക്ഷം രൂപ ധനസഹായവും, കോളേജ് ഫീസ് അടയ്ക്കാനായി വിദ്യാര്‍ഥികള്‍ക്ക് 'യുവ വികാസം' പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപയുടെ ധനസഹായം, മുതിര്‍ന്ന പൗരര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, ബീഡി തൊഴിലാളികള്‍, ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകള്‍, നെയ്ത്തുകാര്‍, എയ്ഡ്‌സ് രോഗികള്‍, കിഡ്‌നി രോഗികള്‍ എന്നിവര്‍ക്കെല്ലാം 'ചേയുത' പദ്ധതി പ്രകാരം മാസം 4,000 രൂപ പെന്‍ഷന്‍ എന്നിവയാണ് പ്രകടന പത്രികയിലെ മറ്റു വാഗ്ദാനങ്ങള്‍.

Tags