ഓണ്‍ലൈൻ ഗെയിം വിലക്കിയതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരൻ

murder

രാത്രി പത്തരയോടെ മകൻ മൂർച്ചയേറിയ കത്തി ഉപയോഗിച്ച്‌ ഉറങ്ങിക്കിടന്ന അച്ഛനെയും അമ്മയെയും സഹോദരിയെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ഓണ്‍ലൈൻ ഗെയിം കളിക്കുന്നത് വിലക്കിയതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരൻ. കർണാടകയിലെ ഗംഗാവതിയിലാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ മാതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാചകത്തൊഴിലാളിയായ വെങ്കിട്ടനായിഡു (45), മകള്‍ പ്രഗതി (19) എന്നിവരാണ് കൊല്ലപ്പെട്ടത്. വെങ്കിട്ടനായിഡുവിന്റെ ഭാര്യ സൗജന്യയ്ക്കാണ് (42) ഗുരുതരമായി പരിക്കേറ്റത്.രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് ക്രൂര കൃത്യത്തിന് മുതിര്‍ന്നത്. 

പോലീസ് പറയുന്നതനുസരിച്ച്‌, ശനിയാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം വെങ്കിട്ടനായിഡുവും ഭാര്യയും മകളും ഒരു മുറിയിലും, വെങ്കിട്ടനായിഡുവിന്റെ മാതാപിതാക്കള്‍ തൊട്ടടുത്ത മുറിയിലുമാണ് ഉറങ്ങാൻ കിടന്നത്. രാത്രി പത്തരയോടെ മകൻ മൂർച്ചയേറിയ കത്തി ഉപയോഗിച്ച്‌ ഉറങ്ങിക്കിടന്ന അച്ഛനെയും അമ്മയെയും സഹോദരിയെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.

മുറിയില്‍ നിന്ന് നിലവിളി ശബ്ദം കേട്ട് വെങ്കിട്ടനായിഡുവിന്റെ പിതാവും അയല്‍ക്കാരും ഓടിയെത്തിയെങ്കിലും മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതില്‍ പൊളിച്ച്‌ അകത്തുകയറിയപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന കുടുംബത്തെ കണ്ടത്. മകള്‍ പ്രഗതി സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വെങ്കിട്ടനായിഡു മരണത്തിന് കീഴടങ്ങിയത്.

കുടുംബത്തെ ആക്രമിച്ച ശേഷം പതിനേഴുകാരനായ വിദ്യാർത്ഥി അതേ കത്തി ഉപയോഗിച്ച്‌ സ്വന്തം കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയും അമ്മ സൗജന്യയും ഇപ്പോള്‍ ബെല്ലാരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിക്ക് ഓണ്‍ലൈൻ ഗെയിമുകളോട് കടുത്ത ലഹരിയുണ്ടായിരുന്നുവെന്നും ഇതിനെ മാതാപിതാക്കള്‍ എതിർത്തതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നുമാണ് പ്രാഥമിക വിവരം. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കൊപ്പല്‍ എസ്‌പി രാം എല്‍ അരസിദ്ധി അറിയിച്ചു.

Tags