പാന്റില്‍ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരന്റെ സ്വകാര്യഭാഗത്ത് ചൂടുകത്തി വെച്ച് അധ്യാപിക
ഗ്യാസ് സ്റ്റൗവില്‍ കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളിക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു
ഉത്തർപ്രദേശിലെ വാരാണസിയില്‍ അഞ്ചുവയസ്സുകാരനായ പ്ലേ സ്കൂള്‍ വിദ്യാർഥിയോട് അധ്യാപികയുടെ ക്രൂരത.ക്ലാസിനിടെ പാന്റില്‍ മൂത്രമൊഴിച്ചതിന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി വെച്ച് പൊള്ളിച്ചു.വീട്ടിലെത്തിയ കുട്ടി വേദന കാരണം കരഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ പൊള്ളലേറ്റ കാര്യം അറിയുന്നത്.
സംഭവത്തില്‍ അധ്യാപിക, സ്കൂള്‍ പ്രിൻസിപ്പല്‍, മാനേജ്‌മെന്റ് എന്നിവർക്കെതിരെ ലാല്‍പുർ പാണ്ഡേപുർ പൊലീസ് കേസെടുത്തു. സെറീൻ സോണി പ്ലേ സ്കൂളില്‍ ജൂലൈ 24-നാണ് സംഭവം നടന്നത്. ക്ലാസിനിടെ ശുചിമുറിയില്‍ പോകാൻ കുട്ടി അനുവാദം ചോദിച്ചെങ്കിലും അധ്യാപിക നല്‍കിയില്ല.
തുടർന്ന് അബദ്ധത്തില്‍ പാന്റില്‍ മൂത്രമൊഴിച്ചതോടെ കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഗ്യാസ് സ്റ്റൗവില്‍ കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളിക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്കൂള്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് പിതാവ് പരാതിയില്‍ പറയുന്നു. കുട്ടിയുടെ മൊഴിയും മെഡിക്കല്‍ റിപ്പോർട്ടും പരിശോധിച്ച് വരികയാണെന്നും അന്വേഷണത്തിന് ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവം പുറത്തുവന്നതോടെ സ്കൂളിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
.jpg)

