പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ ശല്യം സഹിക്കാതെ സ്‌കൂള്‍ മാറിപ്പോയി അധ്യാപിക ; പിന്തുടര്‍ന്ന് അധ്യാപികയുടെ ചുണ്ട് അറുത്ത് മാറ്റി വിദ്യാര്‍ത്ഥി

teacher

അധ്യാപിക ഗുരുതവാസ്ഥയില്‍ ചികിത്സയിലാണ്.


 ഉത്തര്‍പ്രദേശില്‍ അധ്യാപികയെ പിന്തുടര്‍ന്ന് ചുണ്ടുകള്‍ മുറിച്ച് മാറ്റി പ്ലസ് ടു വിദ്യാര്‍ത്ഥി. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ജനുവരി 26ന് ആണ് കൊടും ക്രൂരത അരങ്ങേറിയത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി അധ്യാപികയുടെ രണ്ട് ചുണ്ടുകളും മുറിച്ച് മാറ്റിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ 17 കാരനായ വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി കോട്വാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഫത്തേ ബഹാദൂര്‍ സിംഗ് പറഞ്ഞു. നേരത്തെ ആഗ്ര റോഡിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന അധ്യാപികയെ ഇവിടെ പഠിച്ചിരുന്ന വിദ്യാര്‍ഥി നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി അധ്യാപികയുടെ സഹോദരന്‍ പറഞ്ഞു.

tRootC1469263">

നിരവധി തവണ ശാസിച്ചിട്ടും വിദ്യാര്‍ഥി അധ്യാപകയുടെ പിന്നാലെ ശല്യമായി തുടര്‍ന്നു. പേരന്റ് മീറ്റിംഗ് വിളിച്ച് വിദ്യാര്‍ത്ഥിയുടെ അമ്മയോട് അധ്യാപിക വിഷയം പരാതിപ്പെട്ടിരുന്നു. കുട്ടിയുടെ പെരുമാറ്റം ശരിയല്ലെന്നും നിയന്ത്രിക്കണമെന്നും ടീച്ചര്‍ ആവശ്യപ്പെട്ടു. ഇനി ഇത്തരം പ്രവൃത്തി മകന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് അമ്മ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ഥിയുടെ ശല്യം തുടര്‍ന്നു. ഒടുവില്‍ വിദ്യാര്‍ഥിയുടെ പെരുമാറ്റത്തില്‍ മനംനൊന്ത് അധ്യാപിക രാജിവച്ച് മറ്റൊരു സ്‌കൂളിലേക്ക് മാറി. എന്നാല്‍ പ്രതി പുതിയ ജോലിസ്ഥലം കണ്ടെത്തി അധ്യാപികയെ പിന്തുടരുന്നത് തുടരുകയും ചെയ്തു. അധ്യാപികയോട് ലൈംഗിക താല്‍പ്പര്യത്തോടെ പ്രതി സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരി 26ന്, ജോലിക്ക് പോകുന്ന വഴി വിദ്യാര്‍ത്ഥി അധ്യാപികയെ തടഞ്ഞുനിര്‍ത്തി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ച് രണ്ട് ചുണ്ടുകളും മുറിച്ചുമാറ്റി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അധ്യാപിക ഗുരുതവാസ്ഥയില്‍ ചികിത്സയിലാണ്. ഇവരുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഒളിവുള്ള പ്രതിയെ കണ്ടെത്താന്‍ വ്യാപകമായ തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Tags