ഫ്‌ളാറ്റില്‍ അധ്യാപിക കൊല്ലപ്പെട്ട നിലയില്‍ ; പണമോ ആഭരണമോ നഷ്ടമായിട്ടില്ല ; അന്വേഷണം തുടങ്ങി പൊലീസ്

dead

കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ച നിലയിലുമായിരുന്നു.

ദില്ലി യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്‌ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിനാല്‍ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ദില്ലി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോള്‍ (49) ആണ് കൊല്ലപ്പെട്ടത്. വസുന്ധര എന്‍ക്ലേവിലെ സത്യം അപ്പാര്‍ട്ട്മെന്റില്‍ അധ്യാപിക തനിച്ചായിരുന്നു താമസം. ഭര്‍ത്താവ് ബെംഗളൂരുവിലാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35 ഓടെയാണ് ദില്ലിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോള്‍ വരുന്നത്. ദേവോസ്മിതയുടെ സഹോദരിയായ ദേവാരതി പോള്‍ ആണ് തന്റെ സഹോദരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. രാവിലെ മുതല്‍ ദേവോസ്മിതയുടെ ഫ്‌ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൂടാതെ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഇതേത്തുടര്‍ന്ന് എന്തോ അപകടം സംഭവിച്ചതായി ഭയം തോന്നി ഫ്‌ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ദേവാരതി മൊഴി നല്‍കി.

ദേവോസ്മിതയുടെ തലയില്‍ ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റതിന്റെ ആഴത്തിലുള്ള മുറിവുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. കൂടാതെ ഇവരുടെ കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ച നിലയിലുമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി എല്‍ബിഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇതൊരു കവര്‍ച്ചാ ശ്രമമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Tags