ക്ലാസ് മുറിയില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലീസ്
ഒരാളെ കാണുന്നതിനായി പുറത്തേയ്ക്ക് പോകാന്‍ അനുവാദം ചോദിച്ച അഫാന്‍ എന്ന വിദ്യാര്‍ത്ഥിക്ക് നേരെയായിരുന്നു അധ്യാപകന്റെ വര്‍ഗീയ പരാമര്‍ശം.
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച് അധ്യാപകന്‍. ബെംഗളൂരുവിലെ പിഇഎസ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. മുസ്ലിം വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന്‍ തീവ്രവാദിയെന്ന് വിളിച്ചത്. സംഭവത്തില്‍ യൂണിവേഴ്സിറ്റിയിലെ പാര്‍ട് ടൈം പ്രൊഫസറായ ഡോ. മുരളീധര്‍ ദേശ്പാണ്ഡെയ്ക്കെതിരെ പൊലീസ് കേസെടുത്തു
ഇക്കഴിഞ്ഞ മാര്‍ച്ച് 24നായിരുന്നു സംഭവം നടന്നത്. ഒരാളെ കാണുന്നതിനായി പുറത്തേയ്ക്ക് പോകാന്‍ അനുവാദം ചോദിച്ച അഫാന്‍ എന്ന വിദ്യാര്‍ത്ഥിക്ക് നേരെയായിരുന്നു അധ്യാപകന്റെ വര്‍ഗീയ പരാമര്‍ശം. അറുപതോളം കുട്ടികള്‍ ക്ലാസില്‍ ഉണ്ടായിരുന്നു. 'നിനക്ക് നാണമില്ലെ തീവ്രവാദി' എന്ന് ചോദിച്ചുകൊണ്ടായിരുന്നു അധ്യാപകന്റെ അധിക്ഷേപം. ഇറാന്‍-യുഎസ് ആക്രമണവും അധ്യാപകന്‍ പരാമര്‍ശിച്ചു. 'ഇന്ന് ഞാന്‍ സമാധാനത്തോടെയായിരിക്കും എന്നാണ് കരുതിയത്. എന്നാല്‍ അല്ല. ഇവനെപ്പോലെയുള്ളവരാണ് ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിന് കാരണം. ഡോണള്‍ഡ് ട്രംപ് വന്ന് ഇവനെ കൊണ്ടുപോകും, നരകത്തിലേക്ക് പോകൂ' എന്നും ഇയാള്‍ ആക്രോശിച്ചു. ഒന്നിലധികം തവണ ഇയാള്‍ 'തീവ്രവാദി' എന്ന പരാമര്‍ശം നടത്തുന്നുണ്ട്. ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. മുരളീധര്‍ ദേശ്പാണ്ഡെ സര്‍വകലാശാലയിലെ പാര്‍ട് ടൈം പ്രൊഫസറാണ്. ഇത്തരത്തില്‍ ഒരു സംഭവം സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
.jpg)


