ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവില്‍ പോയ എച്ച്ആര്‍ മാനേജര്‍ നിദ ഖാന്‍ ദിവസങ്ങള്‍ക്ക് ശേഷം പിടിയില്‍

nida khan

താന്‍ ഗര്‍ഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാന്‍ കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ലൈംഗികാതിക്രമക്കേസില്‍ പ്രധാന പ്രതിയായ എച്ച് ആര്‍ മാനേജര്‍ നിദ ഖാന്‍ അറസ്റ്റില്‍. കഴിഞ്ഞ 25 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പൊലീസ് പിടികൂടിയത്. താന്‍ ഗര്‍ഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാന്‍ കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റില്‍ ഉയര്‍ന്ന പീഡന, മതപരിവര്‍ത്തന പരാതികളിലാണ് നിദയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. നാസിക് ബിപിഒ യൂണിറ്റില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഉയര്‍ന്നത്. ചില ജീവനക്കാര്‍ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവര്‍ത്തന ശ്രമങ്ങള്‍ എന്നിവ നേരിട്ടതായി പരാതി നല്‍കി. വര്‍ഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാര്‍ പരാതിയുമായി വന്നപ്പോഴാണ് കൊടും ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത് വന്നത്.

പരാതികളെത്തുടര്‍ന്ന്, പൊലീസ് നിരവധി ടീമുകളെ രൂപീകരിക്കുകയും നിദ ഖാനെ കണ്ടെത്താന്‍ സംസ്ഥാനവ്യാപകമായി തെരച്ചില്‍ നടത്തി വരികയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്‌ഐആറുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ എട്ട് പ്രതികളെയാണ് പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരിക്കുന്നത്. അറസ്റ്റിലായ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തര്‍, റാസ മേമന്‍, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അന്‍സാരി, എച്ച്ആര്‍ മേധാവി അശ്വിനി ചൈനാനി എന്നിവരെ ടിസിഎസ് ജോലിയില്‍ നിന്നും പിരിച്ച് വിട്ടു.

Tags