ടി.സി.എസ് കേസ് ; ആദ്യ കുറ്റപത്രം സമർപ്പിച്ച് എസ്.ഐ.ടി

court

 മുംബൈ: രാജ്യത്തെ പ്രമുഖ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസിൽ (ടി.സി.എസ്) നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ എസ്.ഐ.ടി ആദ്യ കുറ്റപത്രം സമർപ്പിച്ചു. ഡാനിഷ് ഇജാസ് ഷെയ്ഖ്, തൗസിഫ് ബിലാൽ അത്താർ, നിദ ഇജാസ് ഖാൻ, മതീൻ മജീദ് പട്ടേൽ എന്നിവർക്കെതിരെയാണ് 1,500 പേജുള്ള കുറ്റപത്രം സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ആകെ രജിസ്റ്റർ ചെയ്ത ഒമ്പത് എഫ്.ഐ.ആറുകളിലായി ഇതുവരെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ നിദ ഖാന് ഛത്രപതി സംഭാജിനഗറിലെ തന്റെ വീട്ടിൽ അഭയം നൽകി എന്നതാണ് എ.ഐ.എം.ഐ.എം കോർപ്പറേറ്ററായ മതീൻ പട്ടേലിനെതിരെയുള്ള കുറ്റം. ബി.എൻ.എസിലെ വിവിധ വകുപ്പുകൾപ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവ കൂടാതെ എസ്.സി/എസ്.ടി ആക്ട് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

സംഭവങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇത്തരം കുറ്റകൃത്യങ്ങളോട് കമ്പനിക്ക് സീറോ ടോളറൻസ് നയമാണുള്ളതെന്ന് ടി.സി.എസ് അവകാശപ്പെട്ടിരുന്നു. കൂടാതെ ലൈംഗിക പീഡന ആരോപണം നേരിട്ട ജീവനക്കാരെ കമ്പനി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അതേ സമയം കേസിൽ ആരോപണ വിധേയയായ നിത ഖാൻ ഒളിച്ചു താമസിച്ച ആൾ ഇന്ത്യ മജിലിസേ ഇതിഹാദുൽ മുസ്ലിമീൻ (മജ്ലിസ് പാർട്ടി ) കോർപറേറ്ററുടെ ബംഗ്ലാവ് ഔറംഗാബാദ് നഗരസഭ പൊളിച്ചുനീക്കിയിരുന്നു. മജ്‌ലിസ് പാർട്ടി കോർപറേറ്റർ മതീൻ പട്ടേലിന്റെ സമ്പാജീ നഗറിലെ നരേഗാവിലുള്ള ഇരുനില ബംഗ്ലാവും അടുത്തുള്ള ഓഫിസും കടമുറികളുമാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.

Tags