തമിഴ്നാട്ടിലെ തിരുച്ചിറാപ്പള്ളി റെയിൽവെ പ്രവേശന കമാനത്തിന് ഹിന്ദി പേര് ; നീചമായ രീതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ എം.കെ സ്റ്റാലിൻ

Tamil Nadu's Tiruchirappalli railway entrance arch gets Hindi name; MK Stalin slams BJP government for imposing Hindi in a despicable manner

 ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ തിരുച്ചിറാപ്പള്ളി റെയിൽവെ ഡിവിഷണൽ ഓഫീസിൻറെ പ്രവേശന കമാനത്തിൻറെ പേര് കേന്ദ്രസർക്കാർ കർത്തവ്യ ദ്വാർ ( ഗേറ്റ് ഓഫ് ഡ്യൂട്ടി) എന്ന് പേര് മാറ്റിയിരുന്നു. ഇതേ തുടർന്നാണ് സ്റ്റാലിൻറെ വിമർശനം.

tRootC1469263">

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ ബി.ജെ.പി അതിരുകൾ ലംഘിക്കുന്നു എന്നായിരുന്നു സ്റ്റാലിൻറെ പ്രതികരണം. ഒരു ഭാഷ മൂന്ന് ലിപി പദ്ധതിയുടെ മറവിൽ ഹിന്ദി പേരുകൾ തമിഴിലും ഇംഗ്ലീഷിലും എഴുതി നീചമായ രീതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ചെയ്യൂന്നതെന്ന് സ്റ്റാലിൻ പറഞ്ഞു.

"റെയിൽവെയുടെ തിരുച്ചിറപ്പള്ളി ഡിവിഷണൽ ഓഫീസിന്റെ പ്രവേശന കമാനത്തിൽ അവർ കർതവ്യ ദ്വാർ എന്ന് എഴുതിയിരിക്കുന്നു. തമിഴിലും ഇംഗ്ലീഷിലും എഴുതി ഹിന്ദി പേരുകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും ശരിയായ തമിഴ് പേരുകൾ ഉടൻ ഉൾപ്പെടുത്തുകയും വേണം" -സ്റ്റാലിൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സ്'-ലെ പോസ്റ്റിൽ പറഞ്ഞു. ഇല്ലെങ്കിൽ തമിഴരുടെ ചൂട് ബി.ജെ.പി സർക്കാർ അറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനോടകം തന്നെ കേന്ദ്ര സർക്കാർ പ്രൊവിഡൻറ് ഫണ്ട് ഓഫീസുകൾക്ക് (ഇ.പി.എഫ്.ഒ) ഭവിഷ്യ നിധി ഭവൻ എന്ന് പേര് മാറ്റിയിരുന്നു. പുതിയ ക്രിമിനൽ നിയമങ്ങൾക്കും സംസ്കൃത പേരുകളാണ് നൽകിയത്. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ പേര് 'ജൽ ശക്തി' ആയി മാറി. മഹാത്മാഗാന്ധിയുടെ പേരിലുള്ള 100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി. വിദ്വേഷവും ധാർഷ്ട്യവും വർധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴരുടെ ആത്മാഭിമാനത്തെ തകർക്കാൻ ശ്രമിക്കുന്ന ഇവരെ നമ്മൾ ഒരു ശരിയായ പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. തമിഴ് ലിപിയിലെ ഹിന്ദി പദങ്ങൾക്കെതിരായ എതിർപ്പ് ശക്തമായതോടെ പ്രതിപക്ഷ നേതാവും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമി കേന്ദ്ര സർക്കാരിനോട് ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ട് അനുയോജ്യമായ തമിഴ് പേര് നൽകണമെന്ന് ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ പേരുകൾ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും തിരുച്ചിറപ്പള്ളിയിലെ റെയിൽവെ ഡിവിഷണൽ ഓഫീസിന്റെ പ്രവേശന കമാനത്തിലെ ഹിന്ദി പദങ്ങൾ തമിഴ് ഭാഷയുടെ ശരിയായ വിവർത്തനമെല്ലെന്ന് പളനിസ്വാമി എക്സിൽ പറഞ്ഞു. 

Tags