തമിഴ്നാട്ടിൽ ജീവനുള്ള മീൻ തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം


ചെന്നൈ: തമിഴ്നാട്ടിൽ ജീവനുള്ള മീൻ തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ചെങ്കൽപ്പട്ടു ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച മധുരന്തകം പ്രദേശത്തിന് സമീപം മീൻ പിടിക്കുന്നതിനിടെയാണ് സംഭവം. 29 വയസ്സുള്ള മണികണ്ഠൻ ആണ് മരിച്ചത്. അരയപാക്കം ഗ്രാമത്തിൽ നിന്നുള്ള മണികണ്ഠൻ വെറും കൈകൊണ്ട് മീൻ പിടിക്കുന്നതിൽ വിദഗ്ധനാണ്. ജലനിരപ്പ് കുറവായ കീഴവലം തടാകത്തിൽ മത്സ്യം തേടി പോയതായിരുന്നു അദ്ദേഹം.
ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച് മണികണ്ഠൻ ആദ്യം ഒരു മത്സ്യത്തെ പിടിച്ചു. മറ്റൊന്നിനെ കണ്ടപ്പോൾ ആദ്യം പിടിച്ചത് രക്ഷപ്പെടാതിരിക്കാൻ ഇതിനെ കടിച്ചു പിടിച്ചു. എന്നാൽ പനങ്കോട്ടൈ എന്നറിയപ്പെടുന്ന ഈ മത്സ്യം ഇയാളുടെ വായിൽ നിന്ന് വഴുതി തൊണ്ടയിൽ കുടുങ്ങി.ചുറ്റുമുള്ളവർ സഹായിക്കാൻ ഓടിയെത്തിയെങ്കിലും മത്സ്യത്തെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. മണികണ്ഠനെ ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
