തമിഴ്‌നാട്ടില്‍ 2320 ബാറുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു, കാലാവധി നീട്ടില്ല, പുതിയ ടെന്‍ഡര്‍ വിളിക്കും
പുതിയ ടെന്‍ഡറുകള്‍ ക്ഷണിച്ചായിരിക്കും ഇനി ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുക.
തമിഴ്നാട്ടില്‍ ടാസ്മാക് മദ്യവില്‍പന ശാലകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബാറുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. നിലവിലുണ്ടായിരുന്ന ലൈസന്‍സ് കാലാവധി ജൂണ്‍ 30-ഓടെ അവസാനിച്ച സാഹചര്യത്തിലാണ് ബാറുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. സംസ്ഥാനത്തുടനീളമുള്ള ഏകദേശം 2,320 ബാറുകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിച്ചിരിക്കുന്നത്.
പുതിയ ടെന്‍ഡറുകള്‍ ക്ഷണിച്ചായിരിക്കും ഇനി ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുക. കഴിഞ്ഞ ദിവസം മദ്യനിരോധന - എക്‌സൈസ് വകുപ്പ് മന്ത്രി കെ വിഘ്‌നേഷിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ആണ് ഇതുസംബന്ധിച്ച് നിര്‍ണായക തീരുമാനമുണ്ടായത്. പുതിയ ടെന്‍ഡര്‍ അനുമതിയാകുന്നതു വരെ നിലവിലെ ബാറുകള്‍ താല്‍ക്കാലികമായി അടയ്ക്കുന്നതിനാല്‍ സര്‍ക്കാരിന് പ്രതിമാസം 400 കോടി രൂപയുടെ വരെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ് ടാസ്മാക് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാത്രമല്ല വരാനിരിക്കുന്ന പുതിയ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനും തമിഴ്നാട് സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
ബാറുകള്‍ പൂട്ടിയതോടെ മദ്യശാലകള്‍ക്ക് മുന്നില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍. പല ഉപഭോക്താക്കളും മദ്യം വാങ്ങി വീട്ടിലേക്ക് കൊണ്ടുപോകാന്‍ താല്പര്യപ്പെടാത്തവരാണ്. ബാറുകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ കടകള്‍ക്ക് മുന്നില്‍ വെച്ച് തന്നെ മദ്യപിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് പൊതുശല്യമായി മാറുമെന്നും ചില ടാസ്മാക് ജീവനക്കാര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
.jpg)

