ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ തമിഴ്നാട്ടിൽ നിയന്ത്രണം; ദിവസം രണ്ടു മണിക്കൂർ മാത്രം
ചെന്നൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് തമിഴ്നാട് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറു മണി മുതൽ ഏഴു മണി വരെയും വൈകീട്ട് ഏഴു മണി മുതൽ എട്ടു മണി വരെയും മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുമതിയുള്ളതെന്ന് തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
അമിതമായ വായു-ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനും സുരക്ഷിതമായ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് രണ്ടു മണിക്കൂർ സമയം അനുവദിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് തമിഴ്നാട് സർക്കാർ ഓർമ്മിപ്പിച്ചു. അമിത ശബ്ദവും പുകയും ഉണ്ടാക്കുന്ന പടക്കങ്ങൾക്ക് പകരം പരിസ്ഥിതി സൗഹൃദ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
2018-ലെ സുപ്രീംകോടതി വിധിയെ തുടർന്ന് മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങൾ മാത്രമേ നിർമ്മിക്കാനും വിൽക്കാനും പാടുള്ളൂ. ഇത് ഉറപ്പാക്കാൻ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് സ്കൂളുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടങ്ങൾ എന്നിവ വഴി വിപുലമായ ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ട്. ചങ്ങലപ്പടക്കങ്ങൾ പൊട്ടിക്കുന്നത് പൂർണ്ണമായി ഒഴിവാക്കണമെന്നും, ആശുപത്രികൾ, കോടതികൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകൾക്ക് സമീപവും തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങളിലും പടക്കം പൊട്ടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
.jpg)

