തമിഴ്നാട് രാഷ്ട്രീയ സാഹചര്യം വിജയ്ക്ക് അനുകൂലം-കോൺഗ്രസ് എംപി

Accidents are becoming common during roadshows; Vijay cancels campaign events

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ. വിജയ് രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാകുമെന്നത് തന്റെ സ്ഥിരമായ നിലപാടാണെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തിന് അനുകൂലമാണെന്നും മാണിക്കം വ്യക്തമാക്കി. വിഴുപ്പുറം വിക്രവാണ്ടിയിൽ നടന്ന വിജയിന്റെ ആദ്യ രാഷ്ട്രീയ റാലിയിൽ സ്ത്രീകളുടെയും യുവാക്കളുടെയും വൻ പങ്കാളിത്തം ഉണ്ടായത് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിൽ എഐഎഡിഎംകെയെ തകർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളും വിജയിന്റെ രാഷ്ട്രീയ പാർട്ടിക്ക് ഗുണകരമാകുമെന്ന് ടാഗോർ നിരീക്ഷിക്കുന്നു. പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കുന്നതിൽ വിജയ് വിജയിച്ചാൽ അത് സംസ്ഥാനത്തെ പ്രബല കക്ഷികൾക്ക് വലിയ വെല്ലുവിളിയാകും. എഐഎഡിഎംകെയുടെ തകർച്ചയിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയ ശൂന്യത നികത്താൻ വിജയിക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിൽ തുടരുമ്പോഴും അധികാരത്തിൽ കൃത്യമായ പങ്ക് വേണമെന്ന് വാദിക്കുന്ന കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പ്രധാന മുഖമാണ് മാണിക്കം ടാഗോർ. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ അദ്ദേഹം സ്വാഗതം ചെയ്യുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പുതിയ സഖ്യസാധ്യതകളിലേക്കോ രാഷ്ട്രീയ ധ്രുവീകരണങ്ങളിലേക്കോ വിരൽ ചൂണ്ടുന്നതാണ്. ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽ കോൺഗ്രസിന്റെ ഭാവി നിലപാടുകൾ ഈ സാഹചര്യത്തിൽ ഏറെ നിർണ്ണായകമാകും.
 

Tags