വിജയ്ക്കുള്ള സുരക്ഷ പിൻവലിച്ച് തമിഴ്നാട് പൊലീസ്

Tamil Nadu Assembly Elections: Vijay's TVK leads in 100 seats in first hour

ചെന്നൈ: തമിഴക വെട്രി കഴകം നേതാവ് വിജയ്‍ക്ക് നൽകിയിരുന്ന പ്രത്യേക സുരക്ഷാ സ്കെയിലും കോൺവോയ് സൗകര്യങ്ങളും പിൻവലിച്ച് തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് നൽകുന്ന സെഡ്-പ്ലസ് സുരക്ഷയ്ക്ക് തുല്യമായ പ്രോട്ടോക്കോളാണ് വിജയ്‍ക്ക് നൽകിയിരുന്നത്. ഇത് ഇപ്പോൾ കുറച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ടിവികെയുടെ സർക്കാർ രൂപീകരണ നീക്കം പ്രതിസന്ധിയിലായതോടെയാണ് ബുധനാഴ്ച രാത്രിയോടെ പൊലീസ് സുരക്ഷ പിൻവലിച്ചത്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് ടിവികെ നേടിയത്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റ് ടിവികെയ്‌ക്ക്‌ ഉണ്ടെന്ന് ഗവർണർക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പിന്തുണയ്‌ക്കുന്ന കക്ഷികളുടെ കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ ടിവികെ നേതാക്കളോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

മെയ് 4ന് വോട്ടെണ്ണലിന്റെ ആദ്യ സൂചനകൾ ടിവികെയുടെ വലിയ വിജയത്തിലേക്ക് വിരൽ ചൂണ്ടിയതോടെയാണ് വിജയ്‍യുടെ വസതിയിലും പാർടി ഓഫീസിലും പൊലീസ് സുരക്ഷ ശക്തമാക്കിയത്. ആരാധകരുടെയും പാർടി പ്രവർത്തകരുടെയും വൻ തിരക്ക് നിയന്ത്രിക്കാനാണ് സുരക്ഷ വർദ്ധിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും, ഒരു മുഖ്യമന്ത്രിക്ക് നൽകുന്നതിന് സമാനമായ സുരക്ഷാ ക്രമീകരണങ്ങളാണ് അദ്ദേഹത്തിന് ഒരുക്കിയിരുന്നത്.

നിലവിൽ കേന്ദ്ര സർക്കാർ അനുവദിച്ച വൈ കാറ്റഗറി സുരക്ഷയാണ് വിജയ്‍ക്കുള്ളത്. സിആർപിഎഫ് അംഗങ്ങളാണ് അദ്ദേഹത്തിന്റെ യാത്രകളിലും താമസസ്ഥലത്തും സുരക്ഷ നൽകുന്നത്. ഇതിനുപുറമെ, പാർടിയുടെ സ്വകാര്യ സുരക്ഷാ ഗാർഡുകളും പൊതുപരിപാടികളിലും യാത്രകളിലും പ്രാദേശിക പൊലീസിന്റെ സഹായവും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.

Tags