ശിശുദിന സമ്മാനമായി 61.84 ലക്ഷം വിദ്യാർത്ഥികൾക്ക് കേക്കും മുഖ്യമന്ത്രിയുടെ ആശംസാ കാർഡും; വിതരണം ചെയ്യാനൊരുങ്ങി തമിഴ്‌നാട് സർക്കാർ
ചെന്നൈ: നവംബർ 14 ശനിയാഴ്ച ആചരിക്കുന്ന ശിശുദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് കേക്ക് വിതരണം ചെയ്യാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 61.84 ലക്ഷം വിദ്യാർത്ഥികൾക്കാണ് കേക്കുകൾ വിതരണം ചെയ്യുന്നത്. ഇതിനായി ടി.വി.കെ (TVK) നേതൃത്വത്തിലുള്ള സർക്കാർ 9.27 കോടി രൂപ അനുവദിച്ചു. കേക്കിനൊപ്പം മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒപ്പിട്ട പ്രത്യേക ആശംസാ കാർഡുകളും വിദ്യാർത്ഥികൾക്ക് ലഭിക്കും. വിതരണം തടസ്സങ്ങളില്ലാതെ പൂർത്തിയാക്കുന്നതിനായി തമിഴ്‌നാട് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ടെൻഡറുകൾ ക്ഷണിക്കുകയും നാല് പ്രമുഖ കേക്ക് നിർമ്മാതാക്കളിൽ നിന്നും കേക്കുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
മയിലാടുതുറൈ, സേലം, തഞ്ചാവൂർ, മധുരൈ, തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, തിരുപ്പൂർ, നീലഗിരി, ഈറോഡ്, നാമക്കൽ, കരൂർ എന്നീ 12 ജില്ലകളിലെ ഓരോ വിദ്യാർത്ഥിക്കും 45 ഗ്രാം വീതമുള്ള രണ്ട് പാക്കറ്റ് കേക്കുകൾ ലഭിക്കും. സംസ്ഥാനത്തെ മറ്റ് ജില്ലകളിലുള്ള വിദ്യാർത്ഥികൾക്ക് 45 ഗ്രാമിന്റെ ഓരോ പാക്കറ്റ് കേക്ക് വീതമായിരിക്കും വിതരണം ചെയ്യുക.
.jpg)

