ഹൈവേ ബോർഡിൽ ഹിന്ദി; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് തമിഴ്‌നാട് സർക്കാർ

Tamil Nadu government suspends officials for using Hindi on highway boards

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ, സംസ്ഥാന ഹൈവേയിലെ ഒരു സൈൻബോർഡിൽ ഹിന്ദി വാക്കുകൾ ഉൾപ്പെടുത്തിയതിൽ രണ്ട് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തു. സംസ്ഥാന നയത്തിന് വിരുദ്ധമായി ബോർഡിൽ ഹിന്ദി വാക്കുകൾ ഉൾപ്പെടുത്തിയത് പിന്നീട് മായ്ച്ചുകളഞ്ഞതായി തമിഴ്നാട് സർക്കാർ അറിയിച്ചു. തമിഴ്, ഇംഗ്ലീഷ് ഭാഷയില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ചട്ടം. ഈ വ്യവസ്ഥ ലംഘിച്ചതിനാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഹൈവേ ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയും ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇത്തരം ചട്ടലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.തമിഴ്നാടിന്‍റെ ഇരട്ട ഭാഷാ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകി.

തമിഴ്നാട്ടിൽ ഹിന്ദി ഭാഷയുടെ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കം പുതിയതല്ല. 1965-ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പാരമ്പര്യം ചൂണ്ടിക്കാട്ടി, തമിഴ്, ഇംഗ്ലിഷ് എന്നീ രണ്ട് ഭാഷകൾ മാത്രം ഔദ്യോഗികമായി അംഗീകരിക്കുന്ന നയമാണ് തമിഴ്നാട് ദീർഘകാലമായി പിന്തുടരുന്നത്. കേന്ദ്രത്തിന്‍റെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോർമുലയ്ക്കെതിരേ ഭരണകക്ഷിയായ ഡിഎംകെ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

Tags