രാഷ്ട്രീയ പ്രവർത്തകർ സ്കൂളുകളിലേക്ക് പ്രവേശിക്കുന്നത് കർശനമായി വിലക്കി തമിഴ്‌നാട് സർക്കാർ
വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് പൂർണ്ണമായും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കടുത്ത നിലപാടുമായി തമിഴ്‌നാട്ടിലെ വിജയ് സർക്കാർ. രാഷ്ട്രീയ പ്രവർത്തകർ സ്കൂളുകളിലേക്ക് പ്രവേശിക്കുന്നത് കർശനമായി വിലക്കിക്കൊണ്ട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ. രാജ്‌മോഹൻ പുതിയ സർക്കുലർ പുറത്തിറക്കി. സ്കൂളുകൾ പഠനത്തിന് മാത്രമുള്ള ഇടങ്ങളാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉള്ളതല്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇനി മുതൽ ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലേക്കും ക്ലാസ് മുറികളിലേക്കും പ്രവേശനം അനുവദിക്കൂ. മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് സ്കൂൾ പരിസരത്ത് കർശന വിലക്കായിരിക്കും.
സ്കൂളുകൾ ആരെയും അമിതമായി പുകഴ്ത്താനുള്ള സ്ഥലമല്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവിൽ, ക്ലാസ് മുറികളിലോ സ്കൂൾ പരിസരത്തോ രാഷ്ട്രീയ നേതാക്കളുടെ ജന്മദിനങ്ങൾ ആഘോഷിക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിൽ നടത്തുന്ന ഏത് പരിപാടികളും നിഷ്പക്ഷത പുലർത്തുന്നതും വിദ്യാഭ്യാസപരമായ പ്രസക്തിയുള്ളതുമായിരിക്കണം. വിദ്യാർത്ഥികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് അകറ്റിനിർത്താൻ എല്ലാ രാഷ്ട്രീയ നേതാക്കളും മാതാപിതാക്കളും കക്ഷിഭേദമന്യേ സഹകരിക്കണമെന്ന് മന്ത്രി സർക്കുലറിലൂടെ അഭ്യർത്ഥിച്ചു.
അടുത്തിടെയുണ്ടായ ചില വിവാദ സംഭവങ്ങളാണ് സർക്കാരിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ഭരണകക്ഷിയായ ടി.വി.കെ പ്രവർത്തകർ മുഖ്യമന്ത്രി വിജയ്‍യുടെ ചിത്രവുമായി ക്ലാസ് മുറിയിൽ പ്രവേശിച്ച് വിദ്യാർത്ഥികളോട് ചോദ്യങ്ങൾ ചോദിക്കുന്ന റീൽസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ഇതിന് പുറമെ, വ്യവസായ മന്ത്രി എസ്. കീർത്തന ഒരു സർക്കാർ സ്കൂൾ സന്ദർശനത്തിനിടെ മുൻ സർക്കാരിനെ കുറ്റപ്പെടുത്താനായി വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യത്തെ ചോദ്യം ചെയ്തതും, കുട്ടികളെ രാഷ്ട്രീയ നേട്ടത്തിനായി അപമാനിച്ചു എന്ന രീതിയിൽ പ്രതിപക്ഷമായ ഡി.എം.കെ വലിയ വിവാദമാക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സ്കൂളുകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ പുതിയ നിയമം നടപ്പിലാക്കിയത്.
.jpg)

