കാര്‍ഷിക ബജറ്റിന്റെ ഡ്രാഫ്റ്റുമായി തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്തി തമിഴ്‌നാട് കൃഷി മന്ത്രി ; വിവാദം

minister

ബജറ്റിന്റെ കരട് രൂപം സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയാണെന്നും അത് മതപരമായ ചടങ്ങില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യന്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു

2026-27 കാലയളവിലെ കാര്‍ഷിക ബജറ്റിന്റെ ഡ്രാഫ്റ്റുമായി തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്തിയ തമിഴ്നാട് കൃഷി മന്ത്രി ആര്‍ വിനോദിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഓഗസ്റ്റ് ആറിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിയുടെ വിവാദ ക്ഷേത്ര സന്ദര്‍ശനം. പിന്നാലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളും മന്ത്രിക്കെതിരെ രംഗത്തെത്തി.

ബജറ്റിന്റെ കരട് രൂപം സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയാണെന്നും അത് മതപരമായ ചടങ്ങില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യന്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു. ഇന്ത്യ ഒരു മതേതര രാജ്യമാണ്. അതിനാല്‍ മതപരവും വ്യക്തിപരവുമായ വിശ്വാസങ്ങള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തണം. ഒരു ക്ഷേത്രത്തില്‍ ബജറ്റിന്റെ കരട് രേഖ എത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സിപിഐ നേതാവ് അഭിപ്രായപ്പെട്ടു. കൂടാതെ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കാനാണ് ക്ഷേത്രത്തിലെത്തിയതെന്ന മന്ത്രിയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഔദ്യോഗിക വിഷയങ്ങളില്‍ സര്‍ക്കാര്‍ മതേതരത്വം പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ക്ഷേത്രത്തിലെ ചടങ്ങിനായി ബജറ്റിന്റെ കരട് രേഖ കൊണ്ടുപോയതിലെ ഔചിത്യമെന്താണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും എഐഎഡിഎംകെ ചൂണ്ടിക്കാട്ടി. മാത്രമല്ല മന്ത്രിക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം നികുതി ദായകരുടെ പണം എങ്ങനെയാണ് ചെലവഴിക്കുന്നത് എന്നതിനുള്ള ഭരണഘടനാ രേഖയാണ് ബജറ്റ് രേഖകളെന്നും അല്ലാതെ ദൈവത്തിനുള്ള പൂജാദ്രവ്യമല്ലെന്നുമാണ് സിപിഐഎം എംപി സു വെങ്കടേശന്റെ പ്രതികരണം.

Tags