ജമ്മു-കശ്മീരിലെ ബാഗ്-ഇ-ബാഹുവിലുണ്ടായ സംഘർഷത്തിൽ പി.ഡി.പി നേതാവ് താലിബ് ഹുസൈൻ അറസ്റ്റിൽ

PDP leader Talib Hussain arrested in Bagh-e-Bahu clash in Jammu and Kashmir

 ജമ്മു കശ്മീർ : ജമ്മു-കശ്മീരിലെ ബാഗ്-ഇ-ബാഹുവിലുണ്ടായ സംഘർഷത്തിൽ പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി(പി.ഡി.പി) നേതാവ് താലിബ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് നേരെ കല്ലെറിയുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. സിധ്രയിലെ സർക്കാർ ഭൂമിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റിയതിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.

മുൻ കരുതലിൻറെ ഭാഗമായി സ്ഥലത്ത് ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് അടക്കമുള്ള സംഘത്തെ വിന്യസിച്ചിരുന്നു. കൂട്ടം കൂടുന്നത് ക്രമസമാധാന ലംഘനത്തിന് കാരണമാകുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഹുസൈനും കൂട്ടാളികളും നിർദേശം ലംഘിച്ച് പൊലീസ് സംഘത്തിന് നേരെ കല്ലെറിയാൻ തുടങ്ങിയതായാണ് ആരോപണം. ഉദ്യോഗസ്ഥരെ ആക്രമിക്കാനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താനും കലാപമുണ്ടാക്കാനുമാണ് സംഘം ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധത്തിനിടെ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങൾ സംഘർഷം കൂടുതൽ വഷളാക്കിയതായും പൊലീസ് കൂട്ടിച്ചേർത്തു.

ആതേ സമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് പലതവണ വെടിയുതിർത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ബാഗ്-ഇ-ബാഹു പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചന്നും നിർദേശങ്ങൾ ലംഘിച്ചെന്നും പൊലീസ് അറിയിച്ചു.

Tags