കനത്ത മൂടൽമഞ്ഞിൽ താജ്മഹൽ അപ്രത്യക്ഷമായി

tajmahal
tajmahal


ആഗ്ര: ഉത്തരേന്ത്യയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് താജ്മഹൽ പൂർണമായി മൂടൽമഞ്ഞിൽ അപ്രത്യക്ഷമായി. കാഴ്ചാപരിധി തീരെയില്ലാത്തതിനാൽ താജ്മഹൽ കാണാനെത്തിയ സഞ്ചാരികൾ ശൂന്യതയിലേക്ക് നോക്കിനിൽക്കുന്നതിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

tRootC1469263">

‘താജ് വ്യൂ പോയിന്റിൽ’ നിന്ന് പകർത്തിയ വിഡിയോയിൽ, കട്ടിയുള്ള മൂടൽമഞ്ഞിൽ താജ്മഹൽ തീരെ കാണാൻ കഴിയാത്ത നിലയിലാണ്. താജ്മഹലിന്റെ മനോഹരദൃശ്യം കാണാൻ സാധിക്കാത്തിനെ തുടർന്ന് വിനോദസഞ്ചാരികൾ നിരാശയിലായി.

ലോകമഹാദ്ഭുതത്തിനുമേൽ ഉത്തരേന്ത്യൻ തണുപ്പിൻറെ വിഷ്വൽ ഇഫക്ടാണ് ഇതെന്ന് ഒരാൾ വിഡിയോക്ക് പ്രതികരണമായി കുറിച്ചു. ‘ജീവിതത്തിൽ കണ്ടതിനേക്കാൾ കൂടുതൽ താജ്മഹലിനെ ഞാൻ പോസ്റ്റ്കാർഡുകളിൽ കണ്ടിട്ടുണ്ട്. ഇത് താജ്മഹലോ അതോ ഫോഗ് മഹലോ?’ എന്നായിരുന്നു മറ്റൊരു കമൻറ്.

കനത്ത മൂടൽമഞ്ഞും തണുപ്പും കാരണം ആഗ്രാ ജില്ലാ ഭരണകൂടം സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബർ 20 മുതൽ, ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ രാവിലെ 10 മുതൽ വൈകുന്നേരം 3 വരെയാകും പ്രവർത്തിക്കുക.

അയോധ്യ ഉൾപ്പെടെയുള്ള മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളെയും കനത്ത മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്. അയോധ്യയിൽ കുറഞ്ഞ താപനില 9 ഡിഗ്രി സെൽഷ്യസാണ്. കൂടിയ താപനില 17 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥ ഞായറാഴ്ചയും തുടരാൻ സാധ്യതയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി.

Tags