“മുഖ്യമന്ത്രി മദ്യപിച്ചാണ് നിയമസഭയിൽ എത്തിയത്” ; ഭഗവന്ത് സിങ് മന്നിനെതിരെ ഗുരുതര ആരോപണവുമായി സ്വാതി മലിവാൾ
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ എഎപി നേതാവും എംപിയുമായ സ്വാതി മലിവാൾ രംഗത്തെത്തി. ഭഗവന്ത് സിങ് മൻ മദ്യപിച്ചാണ് പഞ്ചാബ് നിയമസഭയിൽ എത്തിയതെന്നും അദ്ദേഹം മദ്യപാന പരിശോധനയ്ക്ക് തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. സഭയിൽ ഭഗവന്ത് സിങ് മൻ സംസാരിക്കുന്ന വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു സ്വാതി മലിവാളിന്റെ ആരോപണം. മൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും അവർ ആവശ്യപ്പെട്ടു. എഎപി വിട്ട് അടുത്തിടെ ബിജെപിയിലേക്ക് മാറിയ ഏഴ് രാജ്യസഭാ എംപിമാരിൽ ഒരാളായ സ്വാതി മലിവാൾ, പാർട്ടി വിട്ടതിന് പിന്നാലെയാണ് എഎപി നേതൃത്വത്തിനെതിരെ പുതിയ പോർമുഖം തുറന്നിരിക്കുന്നത്.
മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ പോലും മദ്യപിച്ചാണ് എത്തുന്നതെന്ന് സ്വാതി മലിവാൾ കുറ്റപ്പെടുത്തി. അദ്ദേഹം ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും പോകുന്നതും സർക്കാർ യോഗങ്ങളിൽ പങ്കെടുക്കുന്നതും മദ്യലഹരിയിലാണെന്ന് അവർ ആരോപിച്ചു. മുൻപ് അമിതമായി മദ്യപിച്ചതിനെ തുടർന്ന് മന്നിനെ വിമാനത്തിൽ നിന്ന് വരെ ഇറക്കിവിട്ടിട്ടുണ്ടെന്നും സ്വാതി മലിവാൾ ഓർമ്മിപ്പിച്ചു.
സ്വാതി മലിവാളിന്റെ ആരോപണങ്ങൾക്ക് പിന്നാലെ പഞ്ചാബിൽ പ്രതിപക്ഷവും മുഖ്യമന്ത്രിയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഭഗവന്ത് സിങ് മൻ ഉൾപ്പെടെയുള്ള മുഴുവൻ എംഎൽഎമാരും അടിയന്തരമായി ആൽക്കോമീറ്റർ, ഡോപ്പ് പരിശോധനകൾക്ക് വിധേയമാകണമെന്ന് പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്‌വ ആവശ്യപ്പെട്ടു. മുൻപും ഭഗവന്ത് സിങ് മന്നിനെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുള്ളതിനാൽ പ്രതിപക്ഷം ഇതിനെ രാഷ്ട്രീയ ആയുധമാക്കുകയാണ്. എന്നാൽ, സ്വാതി മലിവാളിന്റെയും പ്രതിപക്ഷത്തിന്റെയും ഈ ആരോപണങ്ങൾ പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയൊരു വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.
.jpg)

