നടി മമതയ്ക്ക് സന്യാസദീക്ഷ നൽകിയ സ്വാമിയെ തൽസ്ഥാനത്തുനിന്നു നീക്കം ചെയ്തു

The Swami who ordained actress Mamata was removed from his post
The Swami who ordained actress Mamata was removed from his post

പ്രയാഗ്‌രാജ്: ബോളിവുഡ് നടി മമത കുൽക്കർണിയുടെ (52) സന്യാസം വിവാദത്തിൽ. മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി മമതയ്ക്ക് സന്യാസദീക്ഷ നൽകിയ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെ തൽസ്ഥാനത്തുനിന്നു നീക്കം ചെയ്തതായി കിന്നർ അഖാഡയു‌‌ടെ സ്ഥാപകൻ എന്നവകാശപ്പെടുന്ന ഋഷി അജയ് ദാസ് അറിയിച്ചു. എന്നാൽ, ഋഷി അജയ് ദാസിന് അതിന് അധികാരമില്ലെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ത്രിപാഠി പറഞ്ഞു.

മമത കുൽക്കർണി കഴിഞ്ഞ 24ന് ആണ് യാമൈ മമത നന്ദഗിരി എന്ന പേരു സ്വീകരിച്ച് സന്യാസിനിയായത്. രാജ്യദ്രോഹക്കേസിൽ പ്രതിയായ ആൾക്ക് സന്യാസദീക്ഷ നൽകിയത് സനാതനധർമത്തിനും രാജ്യതാൽപര്യങ്ങൾക്കും നിരക്കുന്നതല്ലെന്നും അജയ്ദാസ് പറഞ്ഞു.

സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ 2017ൽ അജയ്ദാസിനെ അഖാഡയിൽനിന്നു പുറത്താക്കിയതാണെന്നും ജൂണാ അഖാഡയുമായി ബന്ധപ്പെട്ടാണ് തന്റെ പ്രവർത്തനമെന്നും മഹന്ത് ഹരിഗിരിയാണ് ആധ്യാത്മിക ഗുരുവെന്നും ലക്ഷ്മി നാരായൺ ത്രിപാഠി വിശദീകരിച്ചു. മമത കുൽക്കർണിയുടെ പേരിൽ നിലവിൽ കേസൊന്നുമില്ലെന്നും പറഞ്ഞു.

ഏറെക്കാലമായി സിനിമാമേഖലയിൽനിന്നു വിട്ടുനിൽക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വർഷത്തിനുശേഷം ജനുവരി ആദ്യമാണ് മമത ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2016 ൽ താനെയിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.

Tags