136 വർഷങ്ങൾ പഴക്കമുള്ള മസ്ജിദിൽ പ്രാർഥനക്ക് അനുമതി നിഷേധിച്ചു ; ദേശീയ സുരക്ഷക്കാണ് പ്രധാന‍്യമെന്ന് സുവേന്ദു അധികാരി

Suvendu Adhikari

 കൊൽക്കത്ത: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ 136 വർഷം പഴക്കമുള്ള ഗൗരിപുർ ജമാ മസ്ജിദിൽ പ്രാർഥനയ്ക്കായി പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ ദേശീയ സുരക്ഷയും വിമാനത്താവളത്തിന്റെ സുരക്ഷക്കുമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്ന് ന്യായീകരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. തംലുക്കിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പള്ളിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പേരിൽ ശനിയാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് നമസ്കാരം നിർത്തിവെച്ച അധികൃതരുടെ തീരുമാനത്തെ മുഖ്യമന്ത്രി പൂർണമായും പിന്തുണച്ചു. വിമാനത്താവളത്തിന്റെ സെക്കൻഡറി റൺവേയ്ക്ക് സമീപമാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ സാന്നിധ്യം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും സുരക്ഷാ ഭീഷണിയാണെന്നുമാണ് ഭരണകൂടത്തിന്റെ വാദം. അതീവ സുരക്ഷാ മേഖലയായ ലെവൽ 3-ൽ സ്ഥിതി ചെയ്യുന്ന പള്ളിയിലേക്ക് ബയോമെട്രിക് പാസോ മുൻകൂട്ടിയുള്ള പരിശോധനയോ ഇല്ലാതെ ആളുകൾക്ക് പ്രവേശിക്കാൻ കഴിയുന്നത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ദംദം ഉത്തർ എം.എൽ.എ സൗരവ് സിക്ദറും ആരോപിച്ചു.

എന്നാൽ, മുൻകൂർ അറിയിപ്പില്ലാതെയാണ് പ്രവേശനം തടഞ്ഞതെന്നും ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി പ്രവേശനം നിഷേധിച്ചത് ശരിയല്ലെന്നുമാണ് പള്ളി കമ്മിറ്റി അധ്യക്ഷനും മുൻ മന്ത്രിയുമായ സിദ്ദീഖുല്ല ചൗധരിയുടെ നിലപാട്. പള്ളിയുടെ ചരിത്രപരമായ പശ്ചാത്തലം ചൂണ്ടിക്കാട്ടി പ്രാർഥനാവകാശം പുനഃസ്ഥാപിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

Tags