മുലായമിനെതിരായ കേസ് അവസാനിപ്പിച്ചതിന്റെ പകർപ്പിനുള്ള ഹരജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: അനധികൃത സ്വത്തു സമ്പാദന കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവിനും മകൻ അഖിലേഷ് യാദവിനുമെതിരായ കേസ് അവസാനിപ്പിച്ചതിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. മുലായമിനും അഖിലേഷിനും മുലായമിന്റെ മറ്റൊരു മകൻ പ്രതീക് യാദവിനുമെതിരെ പ്രഥമദൃഷ്ട്യ തെളിവുകളില്ലെന്ന് വ്യക്തമാക്കി കേസ് അവസാനിപ്പിക്കുന്നതായി സി.ബി.ഐ നേരത്തേ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. 2013 ആഗസ്റ്റ് ഏഴിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചശേഷം മറ്റു തെളിവുകളില്ലാത്തതിനാൽ ക്രിമിനൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ മറ്റു തുടർനടപടികളിലേക്ക് കടക്കുകയോ ചെയ്തിരുന്നില്ല.
ഇതിനു ആറു വർഷത്തിനുശേഷം 2019ൽ കേസ് അവസാനിപ്പിച്ചതിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഹരജിയുമായി എത്തിയതിന്റെ സാംഗത്യം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ചോദ്യംചെയ്തു. പ്രധാന ആരോപണവിധേയനായ മുലായം സിങ് യാദവ് മരിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, മറ്റു ആരോപണവിധേയരായ അഖിലേഷ് യാദവും പ്രതീക് യാദവും ജീവിച്ചിരിപ്പുണ്ടല്ലോ എന്നായിരുന്നു ഹരജിക്കാരനായ വിശ്വനാഥ് ചതുർവേദിക്കായി ഹാജരായ അഭിഭാഷകന്റെ നിലപാട്.