മൃഗസ്നേഹികൾക്ക് തിരിച്ചടി; തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി
ദില്ലി: പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയായ മൃഗ സ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും നിർദേശിച്ചു. നവംബർ ഏഴിലെ തങ്ങളുടെ മുൻ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ (Recall applications) പൂർണ്ണമായും തള്ളിക്കൊണ്ടാണ് പരമോന്നത നീതിപീഠത്തിന്റെ ഈ നിർണ്ണായക പ്രഖ്യാപനം. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ മുന്നോട്ട് വെച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിൽ ഇടപെടാൻ യാതൊരു കാരണവുമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരടങ്ങിയ ബെഞ്ച്, മുൻ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള എല്ലാ അപേക്ഷകളും നിരസിച്ചു. മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് കോടതി ഈ കേസിൽ വിശദമായ വിധിന്യായം പുറപ്പെടുവിച്ചിട്ടുള്ളത്.കേസിൽ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്നും എയർപോർട്ടുകളിൽ നിന്നടക്കം നായ്ക്കളെ മാറ്റണമെന്നും കോടതി നിർദേശിച്ചു. കുട്ടികൾക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് പറഞ്ഞ കോടതി രാജ്യത്തെ തെരുവുനായ ആക്രമണങ്ങളുടെ കണക്ക് നിരത്തുകയും ചെയ്തു. ജില്ലാ തലത്തിൽ പൂർണ്ണതോതിൽ പ്രവർത്തിക്കിക്കുന്ന ഒരു എബിസി സെൻ്റർ വേണമെന്നും ആൻ്റി റാബിസ് വാക്സിൻ കർശനമായി ഉറപ്പാക്കണമെന്നും കോടതി വിധിയിൽ പറയുന്നു. തെരുവ്നായ ശല്യം ഭീകരമായ അവസ്ഥയിലേക്ക് എത്തിയതിന് പൂർണ്ണ ഉത്തരവാദികൾ സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വമെന്നും കോടതി ചൂണ്ടിക്കാട്ടി.
മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിൽ പേവിഷബാധയേറ്റതും അങ്ങേയറ്റം അക്രമകാരികളായതുമായ തെരുവുനായ്ക്കളെ കർശനമായ നിയമപരിധികൾക്കുള്ളിൽ നിന്നുകൊണ്ട് ദയാവധത്തിന് ഇരയാക്കാൻ ബന്ധപ്പെട്ട തദ്ദേശ-സംസ്ഥാന അധികാരികൾക്ക് സുപ്രീം കോടതി അനുമതി നൽകി. കൂടാതെ, ഈ വിധികൾ നടപ്പിലാക്കാൻ നിയോഗിക്കപ്പെടുന്ന മുനിസിപ്പൽ, സംസ്ഥാന തലങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൃത്യമായ ഔദ്യോഗിക സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നടപടികളുടെ പേരിൽ അവർക്കെതിരെ സാധാരണ രീതിയിൽ എഫ്ഐആറോ മറ്റ് കടുത്ത നിയമനടപടികളോ സ്വീകരിക്കാൻ പാടുള്ളതല്ല. ഉദ്യോഗസ്ഥരെ മനഃപൂർവ്വം കുടുക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജമായ നിയമനടപടികൾ തടയാൻ ഹൈക്കോടതികൾക്ക് പൂർണ്ണമായ സ്വാതന്ത്ര്യമുണ്ടായിരിക്കും.
.jpg)

