കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ ഏകപക്ഷീയമായി നിർത്തിവെപ്പിച്ച കേരള ഹൈകോടതി നടപടിക്കെതിരെ സംസ്ഥാന വഖഫ് ബോർഡ് സമർപ്പിച്ച ഹരജി കേൾക്കാം : സുപ്രീം കോടതി

Sabarimala women's entry; Senior advocate Abhishek Manu Singhvi appeared in the Supreme Court on behalf of the Travancore Devaswom Board

 ന്യൂഡൽഹി : ബി.ജെ.പി നേതാവിന്റെ ഹരജിയിൽ കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ ഏകപക്ഷീയമായി നിർത്തിവെപ്പിച്ച കേരള ഹൈകോടതി നടപടിക്കെതിരെ സംസ്ഥാന വഖഫ് ബോർഡ് സമർപ്പിച്ച ഹരജി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേൾക്കാമെന്ന് സുപ്രീം കോടതി. കേരള വഖഫ് ബോർഡിന് വേണ്ടി ഹാജരായ ചിദംബരേഷും സുഭാഷ് ചന്ദ്രനും ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉടൻ പരിഗണിക്കാമെന്ന് അറിയിച്ചത്.

ഈ മാസം 15ന് കേരള ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെയാണ് വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പുതിയ വഖഫ് നിയമം കർക്കശമായി പാലിച്ച് സംസ്ഥാന സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ ഒരുങ്ങിയിട്ടുണ്ടെന്ന് ബോധിപ്പിച്ച കേരള സർക്കാറും ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ടതാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.

ബോർഡിൽ രണ്ട് അമുസ്‍ലിം അംഗങ്ങളെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഏകീകൃത വഖഫ് പരിപാലന നിയമത്തിന്റെ 14 (1) വകുപ്പ് ലംഘിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് ആരോപിച്ച് ഷോൺ ജോർജ് സമർപ്പിച്ച ഹരജിയാണ് ഇടക്കാല വിധിക്ക് കാരണമെന്ന് വഖഫ് ബോർഡ് ഹരജിയിൽ ചൂണ്ടിക്കാട്ടി.എന്നാൽ എല്ലാ അംഗങ്ങളെയും ഒരുമിച്ച് നിയമിക്കണമെന്ന് ഏകീകൃത വഖഫ് നിയമത്തിൽ പറയുന്നില്ലെന്ന് ബോർഡ് ഹരജിയിൽ ബോധിപ്പിച്ചു. ഏതെങ്കിലും അംഗത്തിന്റെ ഒഴിവോ അഭാവമോ വഖഫ് ബോർഡ് എടുക്കുന്ന തീരുമാനങ്ങളെ അസാധുവാക്കില്ലെന്ന് പ്രസ്തുത നിയമത്തിന്റെ 22-ാം വകുപ്പിൽ ഉണ്ട്. അതിനാൽ തന്നെ കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ല.

നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും മൂലധന ചെലവ് നടത്തുന്നതിൽ നിന്നും തെറ്റായ വിധിയിലൂടെയാണ് ഹൈകോടതി തങ്ങളെ തടഞ്ഞിരിക്കുന്നതെന്നും ബോർഡ് തുടർന്നു. ബോർഡിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാറിന്റെ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. വസ്തുതകളും സാഹചര്യങ്ങളും പരിഗണിക്കാതെയാണ് ഹൈകോടതിയുടെ ഇടപെടൽ.

വഖഫ് നിയമത്തിന്റെ 99ാം വകുപ്പ് പ്രകാരം ബോർഡിനെ മറികടന്ന് തീരുമാനമെടുക്കാൻ ഹൈകോടതിക്ക് അധികാരവുമില്ല. അതിനാൽ, അമുസ്ലിങ്ങളായ രണ്ട് അംഗങ്ങളെ വെച്ചില്ലെന്ന കാരണത്താൽ വക ബോർഡിൻറെ പ്രവർത്തനം തന്നെ ചെയ്ത നടപടി ഒരു നിലക്കും നിയമപരമല്ല.

തമിഴ്നാട് വഖഫ് ബോർഡിൻ്റെ സമാനമായ കേസിലെ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിൽ ഉണ്ടെന്ന് ഹരജി ചൂണ്ടിക്കാട്ടി. ജനുവരി 18ന് മദ്രാസ് ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല വിധി തമിഴ്നാട് വഖഫ് ബോർഡിനെ ഇതുപോലെ പ്രവർത്തനത്തിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ അതിനെതിരെ അവർ സമർപ്പിച്ച ഹരജിയിൽ മദ്രാസ് ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതാണ്.

വഖഫ് ബോർഡിനേയും അതിലെ അംഗങ്ങളെയും കേൾക്കാതെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണ്. ബോർഡിനും അംഗങ്ങൾക്കും നോട്ടീസ് പോലുമയക്കാതെ അതിൻറെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിടുന്നത് എങ്ങനെയാണെന്ന് കേരള വഖഫ് ബോർഡ് ചോദിച്ചു.

സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിന്റെ പകർപ്പ് തങ്ങൾ കണ്ടിട്ടില്ലെന്നും അതുകൂടി കണ്ട് ബോർഡിന് പറയാനുള്ളത് കേട്ട ശേഷമേ വല്ല ഉത്തരവും പുറപ്പെടുവിക്കാവൂ എന്നും തങ്ങൾ വാദിച്ചുനോക്കിയതാണ്. ഹരജിക്കാരുടെയും അഡീഷണൽ സോളിസിറ്റർ ജനറലിന്റെയും വാദം മാത്രം മുഖവിലക്കെടുത്തായിരുന്നു ഉത്തരവ്. ഇത് മുൻവിധിയോടുകൂടിയാണെന്ന് വ്യക്തമാണ്. ബോർഡ് മുൻകൂട്ടി തീരുമാനിച്ച മുഴുവൻ കാര്യപരിപാടികളും യോഗങ്ങളും ഇതുമൂലം മുടങ്ങിയിരിക്കുകയാണെന്ന് ഹരജി ബോധിപ്പിച്ചു.

Tags