പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണലിന് കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിച്ചതിൽ തെറ്റില്ല ; തൃണമൂലിൻറെ ഹരജി തള്ളി സുപ്രീം കോടതി

Mamata Banerjee

 കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്രസർക്കാർ, പൊതുമേഖല ജീവനക്കാരെ നിയോഗിക്കുന്നതിനെ ചോദ്യംചെയ്ത് തൃണമൂൽ കോൺഗ്രസ് നൽകിയ ഹരജി സുപ്രീംകോടതി തള്ളി. വോട്ടെണ്ണലിന് സൂപ്പർവൈസർമാരായും സഹായികളായും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തെരഞ്ഞെടുപ്പ് കമീഷൻറെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു.

കേന്ദ്ര സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും വോട്ടെണ്ണൽ ഉദ്യോഗസ്ഥരായി നിയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നേരത്തെ കൽക്കട്ട ഹൈകോടതി ശരിവെച്ചു. പിന്നാലെയാണ് ടി.എം.സി സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാർ തങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാദം തെറ്റാണെന്നും സർക്കാർ ജീവനക്കാർക്ക് കുറച്ചെങ്കിലും വിശ്വാസ്യത നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് തൃണമൂലിനായി സുപ്രീംകോടതിയിൽ ഹാജരായത്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നതായി വിവിധ കോണുകളിൽനിന്ന് ആരോപണമുയരുന്നുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിക്കുന്നത് സംസ്ഥാനത്തെ വിശ്വസിക്കാത്തതിന് തുല്യമല്ലേ എന്ന് കപിൽ സിബൽ ചോദിച്ചു. ഉദ്യോഗസ്ഥർ കേന്ദ്രത്തിന്റേതാണോ സംസ്ഥാനത്തിന്റേതാണോ എന്നത് പ്രസക്തമല്ലെന്ന് ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് കമീഷന്റെ വിവേചനാധികാരത്തിൽ വരുന്ന കാര്യമാണ്. സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്റുമാരും നിരീക്ഷകരും ഉണ്ടാകുമല്ലോ എന്നും കോടതി പറഞ്ഞു

Tags