ജോണ് ബ്രിട്ടാസ് എംപിയുടെ കത്ത് ഹര്ജിയായി തന്നെ പരിഗണിക്കാന് സുപ്രീംകോടതി
വര്ത്തമാനകാല ഇന്ത്യയില് വിയോജിപ്പിനും അഭിപ്രായപ്രകടനത്തിനുമുള്ള ഇടം എത്രത്തോളം സുരക്ഷിതമാണ് എന്ന ഗുരുതരമായ ചോദ്യമാണ് അത് ഉയര്ത്തുന്നതെന്ന് എംപി പറഞ്ഞു.
രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങളിലെ പൊലീസ് അതിക്രമത്തിനെതിരെയുള്ള ജോണ് ബ്രിട്ടാസ് എംപിയുടെ കത്ത് ഹര്ജിയായി പരിഗണിക്കും. ബ്രിട്ടാസ് ചീഫ് ജസ്റ്റിസിന് നല്കിയ കത്താണ് ഹര്ജിയായി സുപ്രീം കോടതി പരിഗണിക്കുക. പൊലീസിനെതിരായ മറ്റു ഹര്ജികള്ക്കൊപ്പം പരിഗണിക്കും. ഡല്ഹിയില് ഒക്ടോബര് 11ന് തനിക്ക് നേരിടേണ്ടിവന്നത് കേവലം ഒരു വ്യക്തിക്കെതിരായ പൊലീസ് അതിക്രമമല്ല. വര്ത്തമാനകാല ഇന്ത്യയില് വിയോജിപ്പിനും അഭിപ്രായപ്രകടനത്തിനുമുള്ള ഇടം എത്രത്തോളം സുരക്ഷിതമാണ് എന്ന ഗുരുതരമായ ചോദ്യമാണ് അത് ഉയര്ത്തുന്നതെന്ന് എംപി പറഞ്ഞു.
തനിക്ക് നേരിട്ട ശാരീരികമായ അസ്വസ്ഥതകള് അല്ല അലട്ടുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് ഒരു ജനപ്രതിനിധിക്കാണ് ഇത് സംഭവിച്ചത് എന്നതാണ് എന്നെ അലോസരപ്പെടുത്തുന്നത്. ഒരു എംപിയുടെ യാതൊരു ആനുകൂല്യങ്ങളും തനിക്ക് വേണ്ട, ഒരു സാധാരണ പൗരന് ലഭിക്കുന്ന അവകാശങ്ങള് മാത്രം എനിക്ക് ലഭിച്ചാല് മതി. പക്ഷേ, അതുപോലും മാനിക്കപ്പെടുന്നില്ല. അതുമാത്രമല്ല, ഇത് സംഭവിച്ചത് പട്ടാപ്പകല് ഇന്ത്യയിലെ മാധ്യമങ്ങളുടെ മുന്നില്, ക്യാമറകള്ക്ക് മുന്നില് ഇന്ത്യയുടെ തലസ്ഥാന നഗരിയിലാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങളോടുള്ള ഭരണകൂടത്തിന്റെ സമീപനവും ജനാധിപത്യപരമായ വിയോജിപ്പുകളെ ബലപ്രയോഗത്തിലൂടെ നേരിടുന്ന പ്രവണതയും ഇതിന്റെ പശ്ചാത്തലത്തിലുണ്ടെന്നും ജോണ് ബ്രിട്ടാസ് കൂട്ടിച്ചേര്ത്തു.
ഒരു ജനപ്രതിനിധിക്കുപോലും ഇത്തരം അനുഭവം നേരിടേണ്ടിവരുന്നുവെങ്കില്, ഭരണകൂടത്തിന്റെ അധികാരത്തിന് മുന്നില് സാധാരണക്കാരന്റെ അവകാശങ്ങള് എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. ഇത് നീതിയിലേക്കുള്ള യാത്രയുടെ അവസാനമല്ല. മറിച്ച്, ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങള് സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയോടെ മുന്നോട്ടുവെക്കുന്ന ഒരു ചുവടുവെപ്പ് മാത്രമാണ്. ഇനി സുപ്രീംകോടതിയുടെ ഇടപെടല് എത്രത്തോളം ശക്തമായിരിക്കുമെന്നും ഭരണഘടനാമൂല്യങ്ങളുടെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനായി എന്തെല്ലാം നിര്ണായക നടപടികള് ഉണ്ടാകുമോയെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)


