തമിഴ്നാട്ടിൽ പശുക്കളുടെയും കിടാവുകളുടെയും അറവിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയ മദ്രാസ് ഹൈകോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

supreme court

 ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളുടെയും കിടാവുകളുടെയും അറവിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയ മദ്രാസ് ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാറിന്റെ ഹരജിയിലാണ് സു​​പ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി പരിഗണിക്കുന്നതിനിടെ ഹൈകോടതി ഉത്തരവിൽ ‘തിരുത്തൽ’ ആവശ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കൂടാതെ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. വിഷയത്തിൽ വിശദമായ മറുപടി സമർപ്പിക്കാൻ സുപ്രീംകോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

ഹിന്ദു മക്കൾ കക്ഷി നേതാവ് കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ബക്രീദിന് പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവ് തടയണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാൽ കേസ് പരിഗണിച്ച മദ്രാസ് ഹൈകോടതി ബക്രീദ് ദിനത്തിൽ മാത്രമല്ല, സംസ്ഥാനത്ത് എല്ലാ ദിവസവും പശുക്കളെയും കിടാവുകളെയും അറക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഉറപ്പാക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഹൈകോടതി ഉത്തരവ് 1958ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു. നിയമപ്രകാരം, പത്ത് വയസ്സിന് മുകളിലുള്ളതും പ്രജനനത്തിനോ കാർഷിക ജോലികൾക്കോ അനുയോജ്യമല്ലാത്തതുമായ പശുക്കളെ ബന്ധപ്പെട്ട അധികാരിയുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അറക്കാൻ അനുമതിയുണ്ട്. ഈ നിയമവ്യവസ്ഥ നിലനിൽക്കെയാണ് ഹൈകോടതി സമ്പൂർണ ഗോവധ നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു സർക്കാറിന്റെ വാദം. 

Tags