മുത്തച്ഛന്റെ സ്വത്തിൽ മകന് ജന്മാവകാശമില്ലെന്ന് സുപ്രീംകോടതി; അച്ഛന്റെ വ്യക്തിഗത സ്വത്തായിരിക്കുമെന്ന് നിരീക്ഷണം
ന്യൂഡൽഹി: മുത്തച്ഛന്റെ സ്വത്ത് നിയമപ്രകാരം അച്ഛന് ലഭിക്കുകയും പിന്നീട് കുടുംബവിഭജനത്തിലൂടെ അച്ഛന്റെ പേരില്‍ പ്രത്യേക സ്വത്തായി മാറുകയും ചെയ്താല്‍ അതില്‍ മകന് ജന്മാവകാശം ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ലഭിക്കുന്ന സ്വത്ത് അച്ഛന്റെ വ്യക്തിഗത സ്വത്തായിരിക്കുമെന്നും അതില്‍ മകന് അവകാശമില്ലെന്നും ജസ്റ്റിസുമാരായ അഗസ്റ്റിന്‍ ജോര്‍ജ് മസിഹ്, സുനിത അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മുത്തച്ഛന്റെ സ്വത്ത് കുടുംബവിഭജനത്തിലൂടെ അച്ഛന് ലഭിച്ചതാണെന്നും അതില്‍ പകുതി ഓഹരിക്ക് തനിക്ക് അവകാശമുണ്ടെന്നും ആവശ്യപ്പെട്ട് മകന്‍ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 1997-ൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മ മുഖേനയാണ് കോടതിയെ സമീപിച്ചത്. മുത്തച്ഛന്റെ സ്വത്ത് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് 1994-ൽ ഒത്തുതീർപ്പുണ്ടാവുകയും ഭൂമിയുടെ ഒരു ഭാഗം പിതാവിന് ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് 1997-ൽ പിതാവ് ഈ ഭൂമി മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്താണ് മകൻ കോടതിയിലെത്തിയത്.
എന്നാൽ, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം പിതാവിന് ലഭിച്ച സ്വത്ത് അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്താണെന്നും, മകന്റെ മകൻ ഈ വിഭാഗത്തിൽ നേരിട്ടുള്ള അവകാശിയായി ഉൾപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുത്തച്ഛന്റെ സ്വത്ത് വിഭജിക്കപ്പെട്ടതോടെ സംയുക്ത കുടുംബസ്വത്ത് എന്ന നില ഇല്ലാതാവുകയും, അച്ഛന് ലഭിച്ച സ്വത്ത് അദ്ദേഹത്തിന്റെ മാത്രമായ വ്യക്തിഗത ഉടമസ്ഥതയിലായി മാറുകയും ചെയ്തെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതി വിധി ശരിവച്ച് അപ്പീൽ തള്ളിയത്.
.jpg)

