ഓരോ ആചാരവും ചോദ്യംചെയ്യാൻ തുടങ്ങിയാൽ ഇന്ത്യൻ നാഗരികതക്ക് എന്തു സംഭവിക്കും : ശബരിമല സ്ത്രീപ്രവേശന കേസിൽ സുപ്രീംകോടതി
ന്യൂഡൽഹി: ഓരോ ആചാരവും ചോദ്യംചെയ്യാൻ തുടങ്ങിയാൽ ഇന്ത്യൻ നാഗരികതക്ക് എന്തു സംഭവിക്കുമെന്ന്, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ള കേസിൽ സുപ്രീംകോടതി. മതപരമായ ആചാരങ്ങളെക്കുറിച്ചുള്ള തർക്കങ്ങളിൽ കോടതി ഇടപെട്ടുതുടങ്ങുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ ചോദ്യം. ഓരോരുത്തരും ഓരോ മതാചാരം ചോദ്യംചെയ്ത് ഭരണഘടനാ കോടതിയെ സമീപിക്കാൻ തുടങ്ങിയാൽ മതങ്ങൾക്ക് ശക്തമായ സ്വാധീനമുള്ള ഇന്ത്യൻ സമൂഹത്തിൽ ഇവിടത്തെ സംസ്കാരത്തിൻറെ സ്ഥിതി എന്താകുമെന്ന് ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് നാഗരത്നയാണ് ചോദിച്ചത്. അതും ഇതുമൊക്കെ ചോദ്യംചെയ്ത് നൂറുകണക്കിന് ഹരജികൾ കോടതിക്ക് മുമ്പാകെ എത്തില്ലേയെന്ന് കോടതി ആരാഞ്ഞു.
എന്താണ് ഇന്ത്യയുടെ സവിശേഷത? നമ്മളൊരു സംസ്കാരമാണ്. ഇത്രമാത്രം നാനാത്വവും വൈവിധ്യവും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് നമ്മൾ ഒരു നാഗരികതയായി നിലനിൽക്കുന്നത്. മനുഷ്യർ തമ്മിലും പുരുഷനും സ്ത്രീയും മക്കളും മതവും തമ്മിലുമുള്ള ബന്ധമാണ് നമ്മുടെ സമൂഹത്തിലെ സ്ഥായിയായ ഘടകങ്ങളിലൊന്ന്. അത് എല്ലാവർക്കും ഹൃദയത്തോട് ചേർന്നുള്ളതാണ്. എന്നാൽ, ഇപ്പോൾ ഒരു മതാചാരമോ മത വിഷയമോ ചോദ്യംചെയ്യപ്പെടുമ്പോൾ, എവിടെ, എന്തുകൊണ്ട് അത് ചോദ്യംചെയ്യപ്പെടുന്നു, അത് ചോദ്യം ചെയ്യപ്പെടാവുന്നതാണോ, അത് ആ സമുദായത്തിനുള്ളിൽനിന്ന് വരുത്തേണ്ട പരിഷ്കാരമാണോ, അതോ ഭരണകൂടം ചെയ്യേണ്ടതാണോ മുതലായ കാര്യങ്ങളെല്ലാം കോടതി തീർപ്പാക്കേണ്ടതാണോ എന്നുതുടങ്ങിയുള്ള കാര്യങ്ങളാണ് കോടതിയെ അലോസരപ്പെടുത്തുന്നത് -ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഒമ്പതംഗ ബെഞ്ച് എന്ന നിലയിൽ തങ്ങളുടെ തീർപ്പ് ഇന്ത്യ എന്ന നാഗരികതക്ക് വേണ്ടിയാണെന്നും ജസ്റ്റിസ് നാഗരത്ന വിശദമാക്കി.
ദാവൂദി ബോറ സമുദായത്തിൻറെ കേന്ദ്ര ബോർഡിനെ പ്രതിനിധാനം ചെയ്ത് ഹാജരായ മുതിർന്ന അഭിഭാഷകൻ, അംഗങ്ങളെ ഭ്രഷ്ട് കൽപിച്ച് സമുദായത്തിൽനിന്ന് പുറത്താക്കാൻ മൂപ്പനുള്ള അധികാരത്തെ ചോദ്യംചെയ്തു. എന്നാൽ, ഓരോ മതത്തിൻറെയും ആചാരങ്ങളെക്കുറിച്ച് ഓരോരുത്തരും ഉന്നയിക്കുന്ന തർക്കങ്ങളിലേക്ക് കോടതി കടക്കുകയും ഇടപെടുകയും ചെയ്താൽ മതങ്ങൾ ഭിന്നിച്ചുപോകില്ലേയെന്ന ആശങ്കയാണ് ജസ്റ്റിസ് എം.എം. സുന്ദരേശ് പ്രകടിപ്പിച്ചത്.
.jpg)

