ഉള്ളിയിലും വെളുത്തുള്ളിയിലും ‘നെഗറ്റീവ് എനർജി’ ? പഠനം ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി

supreme court

ന്യൂഡൽഹി: ഉള്ളിയിലെയും വെളുത്തുള്ളിയിലെയും 'നെഗറ്റീവ് എനർജി'യെക്കുറിച്ച് ശാസ്ത്രീയപഠനം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി .ജൈനമതവിശ്വാസികളുടെ ഭക്ഷണശീലത്തെ ചോദ്യംചെയ്ത് അവരുടെ വികാരം വ്രണപ്പെടുത്തുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അഭിഭാഷകനായ സച്ചിൻ ഗുപ്തയാണ് ഇതുൾപ്പെടെ അഞ്ച് പൊതുതാത്പര്യ ഹർജികൾ നൽകിയത്. അടിസ്ഥാനമില്ലാത്തതെന്ന് വിമർശിച്ച് ഇവയെല്ലാം കോടതി തള്ളി.

ഇനിയും ഇത്തരം ഹർജിയുമായിവന്നാൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നൽകി. മദ്യത്തിലെയും പുകയില ഉത്പന്നങ്ങളിലെയും ദോഷകരമായവസ്തുക്കൾ നിയന്ത്രിക്കണം, സ്വത്ത് രജിസ്ട്രേഷൻ നിർബന്ധമാക്കാൻ നിർദേശങ്ങളിറക്കണം, ക്ലാസിക്കൽ ഭാഷാപദവി നൽകാൻ മാർഗരേഖ വേണം എന്നിങ്ങനെയായിരുന്നു മറ്റു ഹർജികളിലെ ആവശ്യങ്ങൾ.

എല്ലാം അവ്യക്തവും കൃത്യമായ നിയമാടിത്തറയില്ലാത്തതുമായ ഹർജികളാണെന്ന് കോടതി വിമർശിച്ചു. ഹർജി നൽകിയത് അഭിഭാഷകനല്ലായിരുന്നെങ്കിൽ വൻതുക പിഴചുമത്തിയേനെയെന്നും പറഞ്ഞു.

Tags