സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസും സമൻസും റദ്ദാക്കി സുപ്രീം കോടതി
ന്യൂഡൽഹി: വിഡി സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ വിചാരണ കോടതിയിലുണ്ടായിരുന്ന ക്രിമിനൽ അപകീർത്തിക്കേസും സമൻസും സുപ്രീം കോടതി റദ്ദാക്കി. കേസ് ഫയൽ ചെയ്യുന്നതിന് ആവശ്യമായ നിയമപരമായ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ്. യു പി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലും പരാതിക്കാരന്റെ സത്യവാങ്മൂലത്തിലും നടപടികൾക്കാവശ്യമായ സർക്കാരിന്റെ മുൻകൂർ അനുമതി ലഭിച്ചതായി വ്യക്തമാക്കിയിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറലും പരാതിക്കാരന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്താണ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികളും പരാതിയും റദ്ദാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.
2022 നവംബർ 17-ന് ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നടന്ന പൊതുറാലിയിൽ വെച്ച് രാഹുൽ ഗാന്ധി സവർക്കർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. സവർക്കറെ മനഃപൂർവ്വം അപമാനിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് പരാമർശം നടത്തിയതെന്ന് ആരോപിച്ച് അഡ്വക്കേറ്റ് നൃപേന്ദ്ര പാണ്ഡെയാണ് പരാതി നൽകിയിരുന്നത്. കേസിൽ ഹാജരാകാൻ നിർദ്ദേശിച്ച് കീഴ്ക്കോടതി പുറപ്പെടുവിച്ച സമൻസിനെയും തുടർനടപടികളെയും ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
.jpg)

