നിർഭയ സംഭവത്തെ വേദനയോടെ അനുസ്മരിച്ച് സുപ്രീം കോടതി; ഡൽഹിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന തുടർച്ചയായ ലൈംഗികാതിക്രമങ്ങളിൽ സ്വമേധയാ കേസെടുത്തു

Supreme Court painfully recalls Nirbhaya incident; suo motu takes cognizance of ongoing sexual assaults on women and children in Delhi

ന്യൂഡൽഹി: ഡൽഹിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന തുടർച്ചയായ ലൈംഗികാതിക്രമങ്ങളിൽ 2012-ലെ നിർഭയ സംഭവത്തെ വേദനയോടെ അനുസ്മരിച്ച് സുപ്രീം കോടതി. തലസ്ഥാന മേഖലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത ക്രൂരമായ പീഡനക്കേസുകളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഗ്രേറ്റർ നോയിഡയിൽനിന്ന് ഡൽഹിയിലേക്കുള്ള ഓടുന്ന സ്ലീപ്പർ ബസിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം 2012-ലെ നിർഭയ ദുരന്തത്തിന് സമാനമായ വേദനയുണർത്തുന്നതാണെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഡൽഹി സ്വരൂപ് നഗറിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ച സംഭവവും ഓടുന്ന ബസിലെ പീഡനവുമടക്കം മാധ്യമങ്ങളിൽ വന്ന വാർത്തകൾ പരിഗണിച്ചാണ് കോടതിയുടെ അടിയന്തര ഇടപെടൽ. യാത്രക്കിടയിൽ വാഹനം തടയാൻ പോലും പൊലീസിന് സാധിച്ചില്ലെന്നത് ഞെട്ടിക്കുന്ന വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിർഭയ സംഭവത്തിന് ശേഷം രാജ്യത്തെ വ്യവസ്ഥാപിത നിയമപാലന സംവിധാനങ്ങൾക്ക് അർത്ഥവത്തായ എന്തെങ്കിലും പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന കാതലായ ചോദ്യമാണ് ഈ സംഭവങ്ങൾ വീണ്ടും ഉയർത്തുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. അടിസ്ഥാനപരമായ പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ നിയമപാലകരും ഭരണസംവിധാനങ്ങളും നേരിട്ട സമ്പൂർണ്ണ പരാജയമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്.

ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ഭയരഹിതമായി അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണ്. എന്നാൽ തെരുവുകൾ, പാർക്കുകൾ, ബസുകൾ, മെട്രോ സ്റ്റേഷനുകൾ, സബ്‌വേകൾ, കാൽനട മേൽപ്പാലങ്ങൾ തുടങ്ങിയ പൊതുഇടങ്ങൾ മതിയായ വെളിച്ചക്കുറവ്, നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം, പൊലീസ് പട്രോളിംഗിന്റെ പോരായ്മ എന്നിവ കാരണം സ്ത്രീകൾക്ക് വലിയ അപകടമേഖലകളായി മാറാൻ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണപരമായ വീഴ്ചകൾ പരിഹരിക്കാൻ കൃത്യമായ ആക്ഷൻ പ്ലാൻ ആവശ്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ക്രൂരമായ ഇത്തരം സംഭവങ്ങൾ അരങ്ങേറുമ്പോൾ ഭരണാധികാരികളും ജനപ്രതിനിധികളും വെറും ആശങ്കയും ഐക്യദാർഢ്യവും മാത്രം പ്രകടിപ്പിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കോടതി വിമർശിച്ചു. ഉത്തരവാദിത്തം നിശ്ചയിക്കാതെയുള്ള ഐക്യദാർഢ്യ പ്രഖ്യാപനങ്ങൾ ഭരണസംവിധാന പരാജയങ്ങൾക്ക് ഉത്തരമാകില്ലെന്നും ഈ സാമൂഹിക വിപത്തിന് അതൊരു പരിഹാരമല്ലെന്നും ജസ്റ്റിസ് പർദിവാല നിരീക്ഷിച്ചു. കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയുംസ്ഥാപനളുടെയും ഉത്തരവാദിത്തവും ബാധ്യതയും ഉറപ്പാക്കുകയാണ് അടിയന്തരമായി വേണ്ടതെന്നും വ്യക്തമാക്കിയ കോടതി, വിഷയം സമഗ്രമായി പരിശോധിക്കാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകി.

Tags