ഹിന്ദി അറിയില്ലെന്ന കാരണത്താൽ ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടാവരുത് : സുപ്രീംകോടതി ജഡ്ജി നാഗരത്ന

Nagaratna
Nagaratna

ഡൽഹി : ഹിന്ദി അറിയില്ലെന്ന കാരണത്താൽ ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രീം കോടതി ജഡ്ജി ബി വി നാഗരത്ന. കോടതികളിലെ ഭാഷ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജഡ്ജി. നിയമ സംവിധാനത്തിൽ എല്ലാതരം ഭാഷാ വൈവിധ്യങ്ങളും ഉൾക്കൊള്ളേണ്ടതുണ്ട്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ നിരവധി ഭാഷകളെ അംഗീകരിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുറഞ്ഞത് ആറ് പ്രമുഖ ഭാഷകളെങ്കിലും സംസാരിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സംബന്ധിച്ച് ഉന്നത കോടതികളിൽ ഇംഗ്ലീഷായിരിക്കും അവരെ ആശയവിനിമയത്തിന് പര്യാപ്തരാക്കുക. തന്റെ പരാമർശങ്ങൾ രാഷ്ട്രീയപരമല്ലെന്നും മറിച്ച് ഇന്ത്യയുടെ വൈവിധ്യത്തിന്റെ യാഥാർത്ഥ്യത്തിൽ ഊന്നിയുള്ളതാണെന്നും ജഡ്ജി പറഞ്ഞു.

tRootC1469263">

ഹിന്ദിയിൽ പ്രാവീണ്യമില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുത്. ഉന്നത കോടതികളിലും ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങളിലും ഇംഗ്ലീഷ് പൊതു ഭാഷയാണെന്നും സുപ്രീം കോടതി ജസ്റ്റിസ് ബി വി നാഗരത്ന വിശദീകരിച്ചു. അതേസമയം ആശയ വിനിമയത്തിലെ വെല്ലുവിളികൾ അവർ എടുത്തുകാണിച്ചു. തമിഴ്‌നാട്ടിൽ ഹിന്ദിയോ ഇംഗ്ലീഷോ വ്യാപകമായി സംസാരിക്കുന്നില്ലെന്നും ഇത് ആശയവിനിമയത്തെ സങ്കീർണ്ണമാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ജില്ലാ കോടതികളിൽ, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളുണ്ട്. അതേസമയം ഭരണഘടനാ കോടതിയിൽ ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷയെന്നും ജഡ്ജി പറഞ്ഞു.

ജുഡീഷ്യറിയിലെ ഭാഷയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ മിതത്വം അനിവാര്യമാണെന്ന് ജഡ്ജി വിശദീകരിച്ചു- 'ദയവായി, ഇതിൽ ഒരുതരം മിതത്വം പാലിക്കുക'. പ്രാദേശിക ഭാഷകളും ഏകീകൃത ഭാഷയുടെ ആവശ്യകതയും തമ്മിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥ വേണമെന്ന് ജസ്റ്റിസ് നാഗരത്ന ഊന്നിപ്പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 15 വർഷത്തിനുള്ളിൽ ഇംഗ്ലീഷിന് പകരം ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അത് പൂർണ്ണമായും യാഥാർത്ഥ്യമായില്ല. പിന്നീട് ത്രിഭാഷാ ഫോർമുല പോലുള്ള നയങ്ങൾ കൊണ്ടുവന്നു. ഹിന്ദി നിർബന്ധിത രണ്ടാം ഭാഷയായി പല സംസ്ഥാനങ്ങളിലും കരുതുന്നു. എന്നാൽ തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുന്നു. നിർബന്ധിത ഹിന്ദി പഠനം വിദ്യാഭ്യാസപരമായ ബാധ്യതയായും ഭാഷാപരമായ സ്വത്വത്തിന് ഭീഷണിയായും അവർ കണക്കാക്കുന്നു. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെയും സാംസ്കാരിക ബഹുസ്വരതയെയും ദുർബലപ്പെടുത്തുന്ന ഇത്തരം അടിച്ചേൽപ്പിക്കലുകൾ നടക്കുന്നുണ്ടെന്നാണ് വിമർശനം.

Tags