‘നിങ്ങൾക്കും പേരക്കുട്ടികളില്ലേ?’പാക്കറ്റിനുള്ളിൽ എന്താണെന്ന് അറിയാനാണ് കുട്ടികൾക്ക് താല്പര്യം,കുർക്കുറെയോടും മാഗിയോടും ലേബലിങ്ങിൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

‘Don’t you have grandchildren too?’ Children want to know what’s inside the packet, Supreme Court slams Kurkure and Maggi over labeling
‘Don’t you have grandchildren too?’ Children want to know what’s inside the packet, Supreme Court slams Kurkure and Maggi over labeling

പാക്കറ്റ് ഭക്ഷണത്തിൻ്റെ ലേബലിങ്ങിൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി.  കുർക്കുറെയുടെയും മാഗ്ഗിയുടെയും പാക്കറ്റുകളിലെ വിവരങ്ങളിലാണ് സുപ്രിംകോടതി വിമർശനം നടത്തിയത്. നിലവിൽ ഭക്ഷണ പാക്കറ്റിൻ്റെ പുറത്ത് അടയാളപ്പെടുത്തേണ്ട പോഷകാഹാരങ്ങളുടെ വിവരങ്ങൾ സംബന്ധിച്ച് യാതൊന്നും ഇവ രണ്ടിലും ചേർത്തിട്ടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.അഭിഭാഷകനായ രാജീവ് എസ്. ദ്വിവേദി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ വിമർശനം.

പൊതുതാത്പര്യ ഹരജിയിലാണ് ജസ്റ്റിസ് ജെ.ബി പരാഡിവാല, ജസ്റ്റിസ് ആർ. മഹാദേവ് അടങ്ങുന്ന ബെഞ്ചിൻ്റെ പരാമർശം. ഭക്ഷണ പാക്കറ്റിൻ്റെ പുറത്ത് പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, മറ്റ് ചേരുവകൾ എന്നിവയുടെ അളവ് പ്രദർശിപ്പിക്കണമെന്നും അതനുസരിച്ച് ഒരു ലേബൽ പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. 

കുർക്കുറെ പാക്കറ്റിൽ എന്താണുള്ളത് എന്നതിനേക്കാൾ അതിനുള്ളിൽ എന്താണെന്ന് അറിയാനാണ് കുട്ടികൾക്ക് കൂടുതൽ താൽപ്പര്യമെന്ന് കോടതി പറഞ്ഞു. ‘നിങ്ങൾക്കും പേരക്കുട്ടികളില്ലേ? എന്ന് കോടതി ചോദിച്ചു. ഹർജിയിൽ ഉത്തരവ് വന്നാൽ കുർകുറെയിലും മാഗ്ഗിയിലും എന്താണ് അടങ്ങിയിട്ടുള്ളതെന്നും പാക്കറ്റുകളുടെ പുറത്ത് എന്തെല്ലാം രേഖപ്പെടുത്തണമെന്നും നിങ്ങൾക്ക് വ്യക്തമാകുമെന്നും നിലവിൽ ഒരു വിവരങ്ങളും ഇവയുടെ പാക്കറ്റുകളിൽ അടയാളപ്പെടുത്താറില്ലെന്നും കോടതി വിമർശിച്ചു.

അതേസമയം ഭക്ഷണ പാക്കറ്റിൻ്റെ പുറത്ത് അടയാളപ്പെടുത്തേണ്ട പോഷകാഹാരങ്ങളുടെ വിവരങ്ങൾ സംബന്ധിച്ച് 2024 ജൂണിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചില നിർദേശങ്ങൾ അംഗീകരിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് മറ്റ് ചേരുവകൾ എന്നിവയുടെ അളവ് വലിയ അക്ഷരങ്ങളിൽ പാക്കറ്റിൻ്റെ പുറത്ത് രേഖപ്പെടുത്തണമെന്ന നിർദേശമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അംഗീകരിച്ചതായി കോടതിയെ അറിയിച്ചത്.വിവരങ്ങളിൽ രേഖപ്പെടുത്തിക്കൊണ്ടുള്ള ലേബലിങ് സംബന്ധിച്ച് 14,000 അഭിപ്രായങ്ങൾ പൊതുജനത്തിൽ നിന്ന് ലഭിച്ചതായി കേന്ദ്രം അറിയിച്ചു. 

ഭക്ഷണ പാക്കറ്റിൻ്റെ പുറത്ത് ഭക്ഷണത്തെ പറ്റിയുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന ഭേദഗതി ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മാനദണ്ഡങ്ങളിൽ നിർബന്ധമാക്കാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്ന് മാസത്തെ സമയപരിധി നൽകി. മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ ഉത്തരവിട്ട് പൊതുതാല്പര്യഹർജി കോടതി തീർപ്പാക്കി. 2020ലെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താനാണ് കേന്ദ്രത്തിന് സുപ്രിംകോടതി മൂന്ന് മാസത്തെ കാലാവധി നൽകിയത്.

Tags