ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് സുപ്രീംകോടതി


ഡൽഹി : ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് സുപ്രീംകോടതി. 33 ജഡ്ജിമാരിൽ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് ആദ്യഘട്ടത്തിൽ പുറത്തുവിട്ടത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിക്കാനിരിക്കെയാണ് നടപടി.
മുതിർന്ന അഭിഭാഷകനായിരുന്ന കെ വി വിശ്വനാഥനാണ് ജഡ്ജിമാരിൽ സമ്പന്നൻ. 120.96 കോടി രൂപയാണ് നിക്ഷേപമാണ് കെ വി വിശ്വനാഥനുള്ളത്. 2010 മുതൽ 2015 വരെയുളള സാമ്പത്തിക വർഷങ്ങളിൽ നികുതിയിനത്തിൽ സർക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നരക്കോടിയുടെ നിക്ഷേപമാണുള്ളത്. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചൽ ഫണ്ടിൽ 8 ലക്ഷം നിക്ഷേപവും 6 ഏക്കർ ഭൂമിയുമുണ്ട്.
വനിതാ ജഡ്ജിമാരിൽ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ സ്വത്ത് വിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തെങ്കിലും ജസ്റ്റിസ് ബി വി നാഗരത്നയുടെ സ്വത്ത് വിവരങ്ങൾ ഇതുവരെയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ജസ്റ്റിസ് നാഗരത്നയ്ക്ക് പുറമെ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, ദീപാങ്കർ ദത്ത, അസനുദ്ദീൻ അമാനുള്ള, മനോജ് മിശ്ര, അരവിന്ദ് കുമാർ, പി കെ മിശ്ര, എസ് സി ശർമ, പ്രസന്ന ബാലചന്ദ്ര വരാലെ, എ കോടീശ്വർ സിംഗ്, ആർ മഹാദേവൻ, ജോയ്മല്യ ബാഗ്ച്ചി എന്നിവരും സ്വത്ത് വിവരങ്ങൾ അപ്ലോഡ് ചെയ്തിട്ടില്ല.

ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സുപ്രീംകോടതി പുറത്തുവിട്ടു. 2022 നവംബർ ഒൻപത് മുതൽ 2025 മെയ് അഞ്ച് വരെയുള്ള നിയമന വിവരങ്ങളാണ് പുറത്തുവിട്ടത്. ഇക്കാലയാളവിൽ 221 പേരാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്. ജഡ്ജിമാരുടെ പേരും മതവിഭാഗവും സിറ്റിംഗ് അല്ലെങ്കിൽ വിരമിച്ച ജഡ്ജിമാരുമായുള്ള ബന്ധവും പുറത്തുവിട്ടു. സുപ്രിംകോടതി ഇതാദ്യമായാണ് ജഡ്ജിമാരുടെ നിയമന വിവരങ്ങൾ പുറത്തുവിടുന്നത്.