ചീഫ് ജസ്റ്റിസിനെതിരെ കോടതിമുറിയില്‍ അധിക്ഷേപ പരാമര്‍ശം; അഭിഭാഷകന് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
ന്യൂഡൽഹി: തുറന്ന കോടതിമുറിയിൽ വെച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ അഭിഭാഷകൻ പ്രവീൺ സിംഗലിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നവംബർ 16-ന് നടന്ന സംഭവത്തിൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ബാർ അസോസിയേഷൻ (SCBA) നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ നടപടി.
അറ്റോർണി ജനറലിന്റെ അനുമതി ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് ബെഞ്ച് പ്രാഥമികമായി കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ജനുവരി 8-നകം മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്നും, കേസ് പരിഗണിക്കുന്ന അടുത്ത തീയതിയിൽ നേരിട്ട് ഹാജരാകണമെന്നും പ്രവീൺ സിംഗലിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നവംബർ 16-ന് തന്റെ ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് അഭിഭാഷകൻ എത്തിയത്. നവംബർ 2-ന് തന്റെ വിഷയം ഓഫീസിൽ സമർപ്പിച്ചിട്ടും 15 ദിവസമായിട്ടും മറുപടി ലഭിച്ചില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ അല്പം കാത്തിരിക്കാൻ ബെഞ്ച് ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാകാതെ ഇദ്ദേഹം ചീഫ് ജസ്റ്റിസിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിയുകയായിരുന്നു.
ഇതോടെ കോടതി നടപടികളുടെ ഓഡിയോ-വീഡിയോ റെക്കോർഡിംഗ് താത്കാലികമായി നിർത്തിവയ്ക്കുകയും, സുരക്ഷാ ഉദ്യോഗസ്ഥരെത്തി അഭിഭാഷകനെ കോടതിമുറിക്ക് പുറത്തേക്ക് മാറ്റുകയും ചെയ്തു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെയും ഈ അഭിഭാഷകൻ തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഈ വേളയിൽ ഓർമ്മിപ്പിച്ചിരുന്നു.
.jpg)

