നാല് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം
ന്യൂഡൽഹി: രാജ്യത്തെ നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ വിക്രം നാഥ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ കൊളീജിയമാണ് പുതിയ നിയമനങ്ങൾക്കായി നിർദ്ദേശം സമർപ്പിച്ചത്.നിലവിൽ തെലങ്കാന ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് പി. സാം കോശിയെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് മനാഷ് രജ്ഞൻ പഥക്കിനെ അതേ ഹൈക്കോടതിയുടെ തന്നെ ചീഫ് ജസ്റ്റിസായി ഉയർത്താനും നിർദ്ദേശമുണ്ട്.
കൽക്കട്ട ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് തപബ്രത ചക്രബർത്തിയെ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായും പട്ന ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സുധീർ സിങ്ങിനെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കാൻ കൊളീജിയം ശുപാർശ നൽകി.കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷം രാഷ്ട്രപതിയുടെ ഔദ്യോഗിക ഉത്തരവിറങ്ങുന്നതോടെ പുതിയ ചീഫ് ജസ്റ്റിസുമാർ ചുമതലയേൽക്കും.
.jpg)


