തെലങ്കാന ഗവർണർക്കെതിരായ ഹരജിയിൽ കേന്ദ്ര സർക്കാറിന്‍റെ അഭിപ്രായം തേടി സുപ്രീംകോടതി

google news
kannur vc placement  supreme court

ഹൈദരബാദ്: ബില്ലുകളിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന സർക്കാർ സമർപ്പിച്ച ഹരജിയിൽ കേന്ദ്രസർക്കാരിന്‍റെ പ്രതികരണം തേടി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ പ്രതികരണം തേടിയത്. ഹരജി അടുത്ത ആഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ബില്ലുകൾ തീർപ്പാക്കുന്നതിന് ഗവർണർക്ക് സുപ്രീംകോടതി നിർദേശം നൽകണമെന്നതാണ് തെലങ്കാന സർക്കാറിന്‍റെ ആവശ്യം. ഭരണഘടനയുടെ 32ാം അനുഛേദ പ്രകാരം റിട്ട് ഹരജിയാണ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. 2022സെപ്റ്റംബറിൽ നിയമസഭ പാസാക്കിയ ബില്ലുകൾ ഉൾപ്പെടെ നിരവധി സുപ്രധാന ബില്ലുകൾ ഗവർണർ ഇതുവരെ തീർപ്പാക്കിയിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു.

അതേസമയം ബില്ലുകൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നാണ് ഗവർണറുടെ വാദം. ഭരണഘടനാ അനുഛേദം 200 പ്രകാരം നിയസഭ പാസാക്കിയ ബില്ലുകൾ അഗീകരികരിക്കുന്നതിനും തടഞ്ഞ് വെക്കുന്നതിനും രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുന്നതിനും ഗവർണർക്ക് അധികാരമുണ്ട്.

Tags