വിശ്വാസകാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ഭരണഘടനാ അധികാരികൾ വ്യക്തിപരമായ മതവിശ്വാസത്തിന് ഉപരിയായി ചിന്തിക്കേണ്ടതുണ്ട് : സുപ്രീംകോടതി
ന്യൂഡൽഹി: വിശ്വാസകാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ഭരണഘടനാ അധികാരികൾ വ്യക്തിപരമായ മതവിശ്വാസത്തിന് ഉപരിയായി ചിന്തിക്കേണ്ടതുണ്ടെന്നും മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും വിശാലമായ ഭരണഘടനാ ചട്ടക്കൂടുമാണ് അതിനെ നയിക്കേണ്ടതെന്നും സുപ്രീംകോടതി.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങളിൽ വാദം കേൾക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ നടത്തിയ സബ്മിഷനുകളോട് പ്രതികരിക്കവെ ജസ്റ്റിസ് അമാനുല്ലയാണ് ഈ പരാമർശം നടത്തിയത്.
ദക്ഷിണേന്ത്യയിലെ സ്ത്രീകൾ ആർത്തവകാലത്ത് ക്ഷേത്രദർശനങ്ങളിൽനിന്ന് സ്വമേധയാ വിട്ടുനിൽക്കുന്ന ശീലമാണ് പുലർത്തുന്നതെന്ന് ആത്മാർഥം ട്രസ്റ്റിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം.ആർ വെങ്കടേശ് ബോധിപ്പിച്ചു. അതവരുടെ വിശ്വാസത്തിൽനിന്ന് ഉത്ഭവിച്ച ശീലമാണെന്നും അലിഖിത നിയമമാണെന്നും വിവേചനമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങളിൽ മാത്രമല്ല സ്വന്തം വീട്ടിലെ പൂജാമുറിയിൽപോലും അവർ കയറാറില്ല. അതിന് ശാസ്ത്രീയമായ വിശദീകരണം നൽകാനാകില്ല. ശാസ്ത്രം അവസാനിക്കുന്നിടത്ത് വിശ്വാസം ആരംഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
.jpg)

