രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നു; ഒരു മാസത്തിനിടെ കൂടിയത് നാല് രൂപ

Sugar prices are soaring in the country; they have increased by Rs 4 in a month

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര വില വീണ്ടും ഉയർന്നുവരുന്നു. ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വിപണിയിൽ വില വർധന തുടരുകയാണ്. ഒരു മാസത്തിനിടെ മാത്രം കിലോഗ്രാമിന് നാല് രൂപയാണ് വർധിച്ചത്. നിലവിൽ ചില്ലറ വിപണിയിൽ കിലോഗ്രാമിന് 59.50 രൂപയും മൊത്ത വിപണിയിൽ കിലോഗ്രാമിന് 55.40 രൂപയുമാണ് വില. കഴിഞ്ഞ വർഷം ചില്ലറ വിപണിയിൽ കിലോയ്ക്ക് 46.50 രൂപയായിരുന്ന സ്ഥാനത്താണ് ഇപ്പോൾ വൻ വർധന ഉണ്ടായിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ കിലോയ്ക്ക് മൊത്തത്തിൽ 12 മുതൽ 13 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ വില ഇതിലും ഉയർന്ന നിലയിലാണ്. കോൽക്കത്തയിൽ ചൊവ്വാഴ്ച ചില്ലറ വിപണിയിലെ വില കിലോഗ്രാമിന് 65 രൂപയിലെത്തി. ഡൽഹിയിൽ 64 രൂപയും മുംബൈയിൽ 61 രൂപയുമാണ് നിലവിലെ വില.

2025-26 വർഷത്തിൽ പഞ്ചസാരയുടെ ഉത്പാദനം വലിയ രീതിയിൽ കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഉത്സവകാലത്ത് ആവശ്യകത വർധിച്ചതും കരിമ്പ് കൃഷിയിലുണ്ടായ നാശവും വിപണിയെ സാരമായി ബാധിച്ചു. ഇതിനുപുറമെ, ഇ20 പെട്രോളിനായുള്ള എഥനോൾ ഉത്പാദനത്തിനായി വൻതോതിൽ കരിമ്പ് ഉപയോഗപ്പെടുത്തിയതും പഞ്ചസാര വിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വിപണിയിൽ ക്ഷാമം ഒഴിവാക്കാൻ എഥനോൾ നിർമ്മാണത്തിനായി കരിമ്പ്, കരിമ്പ് നീര്, പാനി എന്നിവ ഉപയോഗിക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നെങ്കിലും വിലക്കയറ്റം പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല.

Tags