‘ജീവിതത്തിൽ ഇതുവരെ തനിക്ക് സ്വന്തമായി ഒരു കാർ പോലുമില്ല’ ; ആഡംബര ജീവിത ആരോപണം തള്ളി സു. വെങ്കടേശൻ

'He does not even own a car of his own'; Su. Venkatesan dismisses allegations of a luxurious lifestyle.

 മധുര : ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ പരാമർശങ്ങൾക്ക് ശക്തമായ മറുപടിയുമായി മധുര സി.പി.എം എം.പിയും പ്രമുഖ സാഹിത്യകാരനുമായ സു. വെങ്കടേശൻ. ജീവിതത്തിൽ ഇതുവരെ തനിക്ക് സ്വന്തമായി ഒരു കാർ പോലുമില്ലെന്നും, യാത്രയ്ക്ക് ഉപയോഗിച്ച ആഡംബര കാർ തന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജഡ്ജിമാർ തങ്ങളുടെ ഭരണഘടനാപരമായ ചുമതലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിലകുറഞ്ഞ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ പൊതു ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് സ്വാമിനാഥന്റെ വിമർശനം. വെങ്കടേശൻ സ്റ്റേഷനിൽ എത്തിയത് വിലകൂടിയ മെഴ്‌സിഡസ് ബെൻസ് കാറിലാണെന്നും, ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസുമാണ് ധരിച്ചിരുന്നതെന്നും ഒരു കോർപ്പറേറ്റ് എക്‌സിക്യൂട്ടീവിനെപ്പോലെയാണ് തോന്നിച്ചതെന്നും ജഡ്ജി പരാമർശിച്ചിരുന്നു. “താനൊരു കമ്മ്യൂണിസ്റ്റ് നേതാവാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാൽ ബെൻസ് കാറിൽ സഞ്ചരിക്കുകയും ബ്രാൻഡഡ് സാധനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. പുസ്തകങ്ങളുടെ റോയൽറ്റി കൊണ്ട് ഇത്തരം ഒരു ജീവിതശൈലി സാധ്യമാണോ എന്ന് അറിയില്ല. ട്രെയിനിൽ താൻ സ്ലീപ്പർ കോച്ചിൽ സഞ്ചരിക്കുമ്പോൾ എം.പി ഫസ്റ്റ് ക്ലാസ് എ.സി കോച്ചിലാണ് സഞ്ചരിച്ചത്” എന്നും ജഡ്ജി പറഞ്ഞിരുന്നു.

ഒരു പുസ്തക പ്രകാശന ചടങ്ങിൽ വെച്ച്, വിവാദ പുസ്തകങ്ങൾ പിൻവലിച്ച ഒഴിവിലേക്ക് കാഞ്ചി ശങ്കരാചാര്യരുടെ ആത്മീയ പുസ്തകങ്ങൾ വെയ്ക്കുന്നത് ഒരു ‘പാപപരിഹാരമായിരിക്കും’ എന്ന് ജസ്റ്റിസ് സ്വാമിനാഥൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ സു. വെങ്കടേശൻ എം.പി രംഗത്തെത്തിയതോടെയാണ് തർക്കം ആരംഭിച്ചത്. ‘അഴിമതിക്ക് ശിക്ഷ നൽകലാണ് ജഡ്ജിയുടെ ജോലി, അല്ലാതെ പാപപരിഹാരം നിർദ്ദേശിക്കുന്നത് ജ്യോത്സ്യന്മാരുടെ ജോലിയാണ്’ എന്നായിരുന്നു വെങ്കടേശന്റെ മറുപടി. ഇതിന് മറുപടിയായാണ് ജഡ്ജി എം.പിയുടെ ജീവിതശൈലിയെ വിമർശിച്ചത്. എന്നാൽ, ഒരു വ്യക്തിയുടെ വസ്ത്രവും ജീവിതരീതിയും പരിശോധിക്കുന്നതിനേക്കാൾ അയാളുടെ രാഷ്ട്രീയവും തത്ത്വചിന്തയുമാണ് പ്രധാനമെന്നും, ജഡ്ജിയുടേത് വ്യക്തിപരമായ അധിക്ഷേപമാണെന്നും വെങ്കടേശൻ തുറന്നടിച്ചു.

Tags